ന്യൂദൽഹി: 1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം സംവിധാൻ ഹത്യ ദിനമായി ആചരിക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. 2016ൽ നോട്ട് നിരോധനം പ്രഖ്യാപിച്ച ദിവസം ഇനി മുതൽ എല്ലാ വർഷവും ആജീവിക ഹത്യ ദിനമായി ആചരിക്കുമെന്ന വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്ന് കോൺഗ്രസ് മുന്നോട്ടെത്തി.
അടിയന്തരാവസ്ഥ കാലയളവിൽ മനുഷ്യത്വ രഹിതമായ കഷ്ടപ്പാടുകൾ സഹിച്ച ജനങ്ങളുടെ വേദനകളെ അനുസ്മരിക്കാൻ ജൂൺ 25 സംവിധാൻ ഹത്യ ദിനമായി ആചരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോൺഗ്രസിന്റെ പ്രതികരണം.
ജൈവശാസ്ത്രപരമായല്ലാതെ ജനിച്ച ഇന്ത്യൻ പ്രധാനമന്ത്രി കഴിഞ്ഞ പത്ത് വർഷമായി രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരിക്കുകയാണ്. ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാനുള്ള മോദിയുടെ പുതിയൊരു തന്ത്രം മാത്രമാണ് ഇപ്പോൾ കൊണ്ടുവരുന്ന സംവിധാൻ ഹത്യ ദിനം, കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
2024 ലെ ബി.ജെ.പിയുടെ തോൽവിയെ ആജീവിക ഹത്യാ ദിനം എന്നും ഓർമ്മിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇന്ത്യൻ ഭരണഘടനയെയും അതിന്റെ തത്വങ്ങളെയും മൂല്യങ്ങളെയും ബഹുമാനിക്കാൻ അറിയാത്ത ജൈവശാസ്ത്രപരമായല്ലാതെ ജനിച്ച
ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്,’ ജയറാം രമേശ് പറഞ്ഞു.
ഭരണഘടന മനുസ്മൃതിയിൽ നിന്ന് പ്രചോദനം കൊണ്ട് നിർമിച്ചതല്ലെന്ന കാരണം കൊണ്ട് മാത്രം നമ്മുടെ ഭരണഘടനയുടെ പ്രത്യയ ശാസ്ത്രത്തെ തള്ളിക്കളഞ്ഞ പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. മോദിക്ക് ജനാധിപത്യം എന്നാൽ ഡെമോ- കുർസി മാത്രമാണ് ജയറാം രമേശ് കൂട്ടിച്ചേർത്തു.
ഇനി മുതൽ എല്ലാ വർഷവും നവംബർ എട്ട് ആജീവിക ഹത്യ ദിവസ് ആഘോഷിക്കുമെന്ന് അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു.
2016 നവംബർ എട്ടിന് നോട്ട് അസാധുവാക്കൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ നിന്നുള്ള വീഡിയോയും ജയറാം രമേശ് പങ്കുവെച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഭരണഘടന ഹത്യാദിനമായി ആചരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
എല്ലാ വർഷവും ജൂൺ 25 ഭരണഘടന ഹത്യാദിനമായി ആചരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു. ‘സ്വേച്ഛാധിപത്യ മനോ ഭാവത്തോടെ അടിയന്തരാവസ്ഥ ഏർപ്പെടുത്തി രാജ്യത്തെ ജനാധിപത്യത്തിന്റെ ആത്മാവിനെ ഇല്ലാതാക്കി. അടിയന്തരാവസ്ഥയുടെ മനുഷ്യത്വരഹിതമായ വേദനകൾ സഹിച്ച എല്ലാവരെയും ഈ ദിനം അനുസ്മരിക്കും ,’ അമിത് ഷാ വാദിച്ചു.
ജൂൺ 25 ഭരണഘടന ഹത്യാ ദിനമായി പ്രഖ്യാപിക്കുന്നത് ഭരണഘടന ചവിട്ടിമെതിക്കപ്പെട്ട കാലത്തെ ഓർമപ്പെടുത്തുന്നതാണെന്ന് അമിത് ഷായുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞത്.
Content Highlight: Congress slams government’s Samvidhaan Hatya Diwas move