ബെംഗളൂരു: കര്‍ണാടകയിലെ 15 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് ഇനി അഞ്ച് ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ പുതിയ നീക്കത്തെ കുറിച്ചാലോചിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം. ഉപതെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടിയുള്ള സീറ്റുകള്‍ നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ലെങ്കില്‍ ജനതാദളുമായി വീണ്ടും സഖ്യമുണ്ടാക്കി സര്‍ക്കാരുണ്ടാക്കണമെന്നാണ് ഈ വിഭാഗം ആവശ്യപ്പെടുന്നത്.
മഹാരാഷ്ട്രയില്‍ പരമ്പരാഗത ശത്രുവായ ശിവസേനയെ കൂട്ടി സര്‍ക്കാരുണ്ടാക്കാമെങ്കില്‍ കര്‍ണാടകയില്‍ എന്ത് കൊണ്ട് ജനതാദളുമായി സര്‍ക്കാരുണ്ടാക്കി കൂടാ എന്നാണ് ഈ വിഭാഗം ഉന്നയിക്കുന്ന ചോദ്യം. ഈ വിഭാഗം ഡി.കെ ശിവകുമാറിനെ പിന്തുണക്കുകയും സിദ്ധരാമയ്യയെ എതിര്‍ക്കുകയും ചെയ്യുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഉപതെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടിയുള്ള സീറ്റുകള്‍ നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ലെങ്കില്‍ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് പോവണമെന്നാണ് സിദ്ധരാമയ്യയുടെ ആഗ്രഹം. തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്നാണ് സിദ്ധരാമയ്യ വാദിക്കുന്നത്. എന്നാല്‍ ഈ വാദത്തെ ഡി.കെ. ശിവകുമാറിനെ പിന്തുണക്കുന്നവര്‍ തള്ളിക്കളയുന്നു. ജനതാദളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കണമെന്നാണ് ഇവരുടെ ആഗ്രഹം.
ദേവഗൗഡ കുടുംബവുമായും ജനതാദള്‍ നേതാക്കളുമായും മികച്ച ബന്ധമാണ് ശിവകുമാറിനുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന സൂചനകള്‍ ദേവഗൗഡ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.