ന്യൂദല്‍ഹി: ഇന്ത്യാ- ചൈന സംഘര്‍ഷ വിഷയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ചക്ക് വെക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെയാണ് കോണ്‍ഗ്രസ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
അതിര്‍ത്തിയിലെ സ്ഥിതിയെക്കുറിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓടിപ്പോകുകയാണെന്നും വിഷയത്തില്‍ പ്രതിരോധ മന്ത്രിയല്ല മറുപടി പറയേണ്ടതെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
ചൈന-ഇന്ത്യ അതിര്‍ത്തി പ്രശ്‌നത്തില്‍ പ്രതിപക്ഷ പാര്‍ട്ടിയായ തങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഈ രാജ്യം ഒരു ഉത്തരം അര്‍ഹിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
‘ചൈന’ എന്ന വാക്ക് പോലും നരേന്ദ്ര മോദി ഉച്ചരിക്കുന്നില്ലെന്നും ചൈനയുമായുള്ള ‘അടുത്ത ബന്ധം’ കാരണം വിഷയത്തില്‍ സര്‍ക്കാര്‍ ”നിശബ്ദത പാലിക്കുകയാണോ” എന്നും കോണ്‍ഗ്രസ് ചോദ്യമുന്നയിച്ചു.
അരുണാചല്‍ പ്രദേശിലെ തവാങ്ങിലെ യാങ്സെ പ്രദേശത്ത് ഇന്ത്യന്‍ പോസ്റ്റ് കയ്യേറാന്‍ ചൈനയെ പ്രേരിപ്പിച്ച ഘടകമെന്താണെന്ന് പ്രസ്താവനയില്‍ ചോദിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ ചൈനയുടെ നുഴഞ്ഞുകയറ്റം വര്‍ധിച്ചുവരുന്നത് പതിവായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
രാജീവ് ഗാന്ധിയുടെ ഭരണസമയത്ത് സേനയെ വിന്യസിച്ചത് മുതല്‍ യാങ്സെയില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തിപോന്നിരുന്നെന്നും എന്നാല്‍ ഈ പുതിയ നീക്കത്തിന് ചൈനക്ക് എങ്ങനെ ധൈര്യം വന്നുവെന്നും അദ്ദേഹം ചോദിച്ചു.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും ഏറ്റുമുട്ടിയതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ വിമര്‍ശനമുയരുന്നത്.
ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വിശദമായ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് നേരത്തെ കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എം.പി. മനീഷ് തിവാരിയാണ് ലോക്സഭയില്‍ നോട്ടീസ് നല്‍കിയത്.
നാസിര്‍ ഹുസൈന്‍, ശക്തി സിങ് ഗോഹില്‍ എന്നിവര്‍ രാജ്യസഭയില്‍ നോട്ടീസ് നല്‍കുകയും തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി എന്നിവര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അനുവദിക്കപ്പെട്ടിരുന്നില്ല.
ഇന്ത്യാ- ചൈനാ സൈനികര്‍ക്കിടയില്‍ ഡിസംബര്‍ ഒമ്പതിന് നടന്ന സംഭവത്തെ കുറിച്ച് കഴിഞ്ഞയാഴ്ചയായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ചൈനയുടെയും ഇന്ത്യയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ഇരു വിഭാഗത്തുമുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യം തന്നെ ഇത് സ്ഥിരീകരിച്ചിരുന്നു.
പിന്നാലെ വിഷയത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലോക്സഭയില്‍ പ്രസ്താവന നടത്തിയിരുന്നു. ആക്രമണം നടന്നു എന്നുള്ള കാര്യം മന്ത്രി സ്ഥിരീകരിച്ചു.
അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ അതിര്‍ത്തിയില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് നടന്ന ഒരു സംഘര്‍ഷത്തെ കുറിച്ച് പറയേണ്ടതുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് രാജ്നാഥ് സിങ് പ്രസംഗം ആരംഭിച്ചത്.
”ഡിസംബര്‍ ഒമ്പതിന് പി.എല്‍.എ അതിര്‍ത്തി കടന്ന് ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ കടന്ന് ആക്രമണം നടത്തുകയും നിലവിലെ സ്റ്റാറ്റസില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുകയും ചെയ്തു.
ഇന്ത്യന്‍ സേന പി.എല്‍.എയെ നേരിടുകയും നമ്മുടെ പ്രദേശത്ത് ആക്രമണം നടത്തുന്നതില്‍ നിന്നും അവരെ തടയുകയും പിന്തിരിയാന്‍ അവര്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ഇതിനിടയില്‍ ഇരു വിഭാഗത്തുമുള്ള കുറച്ച് സൈനികര്‍ക്ക് പരിക്കേറ്റു.
എന്നാല്‍ ഒരു കാര്യം ഉറപ്പിച്ച് പറയുന്നു, നമ്മുടെ ഒരു സൈനികനും സംഭവത്തില്‍ കൊല്ലപ്പെടുകയോ ആര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യന്‍ മിലിറ്ററി കമാന്‍ഡര്‍മാരുടെ സമയോചിത ഇടപെടല്‍ കാരണം പി.എല്‍.എ സൈനികര്‍ തങ്ങളുടെ പ്രദേശത്തേക്ക് പിന്‍വലിഞ്ഞു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഏരിയയുടെ ലോക്കല്‍ കമാന്‍ഡര്‍ തങ്ങളുടെ ചൈനീസ് കൗണ്ടര്‍പാര്‍ടുമായി ഡിസംബര്‍ 11ന് ഒരു യോഗം ചേര്‍ന്നു. ഇത്തരത്തില്‍ മുന്നേറ്റം നടത്തരുതെന്ന് ചൈനയെ അറിയിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
എനിക്ക് ഈ സഭയോട് പറയാനുള്ളത്, സൈന്യം നമ്മുടെ ഭൂമി സംരക്ഷിക്കാനും അതിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനും പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ് എന്നാണ്. ഇതിന് തടസമാകുന്ന എന്തിനെയും നേരിടാന്‍ അവര്‍ക്ക് സാധിക്കും,” എന്നായിരുന്നു രാജ്നാഥ് സിങ് പറഞ്ഞത്.
Content Highlight: Congress says Narendra Modi doesn’t utter the word China and Rajnath Singh is not the one to answer on border issue in Parliament