national news
ഞാനൊരു ഹിന്ദുവാണ്, വേണമെങ്കില്‍ ബീഫും കഴിക്കും; കഴിക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ് ? സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 24, 09:39 am
Tuesday, 24th May 2022, 3:09 pm

 

ബെംഗളൂരു: കര്‍ണാടകയിലെ ബീഫ് വിഷയത്തില്‍ ആര്‍.എസ്.എസിനെതിരെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ഞാനൊരു ഹിന്ദുവാണ്. ഞാന്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല, വേണമെങ്കില്‍ കഴിക്കും. അതെന്റെ അവകാശമാണ്. എന്നോട് കഴിക്കരുതെന്ന് പറയാന്‍ നിങ്ങള്‍ ആരാണ്, എന്നും സിദ്ധരാമയ്യ ചോദിച്ചു.

‘ബീഫ് കഴിക്കുന്നവര്‍ ഒരു സമുദായത്തില്‍ മാത്രം പെട്ടവരല്ല, ഹിന്ദുക്കളും ബീഫ് കഴിക്കുന്നു, ക്രിസ്ത്യാനികളും ബീഫ് കഴിക്കുന്നു. മുസ്‌ലിങ്ങള്‍ മാത്രമല്ല ബീഫ് കഴിക്കുന്നത്. ഒരിക്കല്‍ കര്‍ണാടക നിയമസഭയിലും ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുംകൂര്‍ ജില്ലയിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കുന്നത് ആര്‍.എസ്.എസ് ആണെന്നും അവര്‍ മനുഷ്യര്‍ക്കിടയില്‍ വ്യത്യാസം വരുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

2021 ജനുവരിയിലാണ് ബി.ജെ.പി സര്‍ക്കാര്‍ കര്‍ണാടകയില്‍ ബീഫ് നിരോധന നിയമം നടപ്പിലാക്കിയത്. ഈ നിയമം വഴി സംസ്ഥാനത്ത് എല്ലാതരം കന്നുകാലികളെയും വാങ്ങുന്നതും വില്‍ക്കുന്നതും കൊണ്ടുപോകുന്നതും കശാപ്പുചെയ്യുന്നതും കച്ചവടം ചെയ്യുന്നതും നിയമവിരുദ്ധമാക്കി.

നിയമം ലംഘിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും 50,000 മുതല്‍ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

Content Highlights: Congress leader Siddaramaiah opposes RSS over beef issue