ലഖ്‌നൗ: അതിഥി തൊഴിലാളികളെ ഉത്തര്‍പ്രദേശിലെത്തിക്കാന്‍ കോണ്‍ഗ്രസ് 1000 ബസ്സുകള്‍ തയ്യാറാക്കിയ സംഭവത്തില്‍ പ്രതികരിച്ച് റോബര്‍ട്ട് വദ്ര. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തെറ്റാണ് ചെയ്യുന്നത്. തൊഴിലാഴികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ബസ്സുകളെ അനുവദിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും റോബര്‍ട്ട് വദ്ര പറഞ്ഞു.
‘ജനങ്ങള്‍ മുഴുവന്‍ തെരുവിലാണ്, അവര്‍ അപകടത്തിലാണ്, വേദനയിലാണ്. അവരെ ബസ്സുകളില്‍ കയറ്റുകയും കൊണ്ടുവരികയുമാണ് ചെയ്യേണ്ടത്. തൊഴിലാളികളുടെ വേദനയും യാതനയും അവരെ എതിര്‍ക്കുന്നവര്‍ കാണുന്നില്ല. സര്‍ക്കാര്‍ സൗജന്യ പരിശോധനകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. സഹായം ചെയ്യുന്നതിലാണ് നമ്മളുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നാണ് എനിക്ക് പറയാനുള്ളത്. നമുക്കൊരുമിച്ച് നില്‍ക്കുകയും രാഷ്ട്രീയം കളിക്കാതിരിക്കുകയും ചെയ്യാം. ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. തൊഴിലാളികളെ ബസ്സുകളില്‍ കയറ്റി അവരുടെ ഗ്രാമങ്ങളില്‍ എത്തിക്കണം. ഈ പ്രശ്‌നത്തെ യു.പി സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ കാണണം’, റോബര്‍ട്ട് വദ്ര പറഞ്ഞു.