national news
'ചൂലെടുത്ത്' തുടച്ചുകളഞ്ഞാലും പോകാത്തത്ര വര്‍ഗീയ മാലിന്യമാണ് ബി.ജെ.പിയുടെ ബി ടീം നേതാവിലുള്ളത്: കെ.സി. വേണുഗോപാല്‍
ന്യൂദല്‍ഹി: സ്വന്തം ചിഹ്നമായ ചൂലെടുത്ത് തുടച്ചുകളഞ്ഞാലും പോകാത്തത്ര വര്‍ഗീയ മാലിന്യമാണ് ബി.ജെ.പിയുടെ ബി ടീം നേതാവായ അരവിന്ദ് കെജ്‌രിവാളിലുള്ളതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കറന്‍സി നോട്ടുകളില്‍ ലക്ഷ്മി ദേവിയുടേയും ഗണപതിയുടെയും ചിത്രം ഉള്‍പ്പെടുത്തണമെന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍.
ബി.ജെ.പി തീറ്റിപ്പോറ്റുന്ന പരിവാര്‍ സംഘടന മാത്രമാണ് ആം ആദ്മി പാര്‍ട്ടിയെന്നും അവരുടെ പ്രചാരകന്‍ മാത്രമാണ് അരവിന്ദ് കെജ്‌രിവാള്‍ എന്നും കെ.സി. വേണുഗോപാല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
കൊവിഡ് കാലത്ത് ദല്‍ഹിയിലും തെരഞ്ഞെടുപ്പ് കാലത്ത് ഗോവയിലുമൊക്കെ കണ്ട വര്‍ഗീയ നയങ്ങളുടെ തുടര്‍ച്ച മാത്രമാണ് ഇപ്പോള്‍ ഗുജറാത്ത് ലക്ഷ്യമിട്ട് കെജ്‌രിവാള്‍ നടത്തുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹിയില്‍ സമരം നടക്കുമ്പോള്‍ തിരിഞ്ഞുനോക്കാതെ നിശബ്ദനായിരുന്ന മുഖ്യമന്ത്രിയായിരുന്നു കെജ്‌രിവാളെന്നും വേണുഗോപാല്‍ പറഞ്ഞു.
രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മതേതര സങ്കല്‍പ്പത്തിലും ഭരണഘടനാ മൂല്യങ്ങളിലും വിള്ളല്‍ വീഴ്ത്താന്‍ ശ്രമിക്കുന്ന ഏത് ശക്തിയെയും ഇന്ത്യന്‍ ജനത തിരിച്ചറിയുമെന്നും അവരെ ‘ചൂലെടുത്ത്’ അടിച്ചോടിക്കുമെന്നും ഉറപ്പുണ്ടെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മഹാത്മാ ഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങളുള്ള കറന്‍സി നോട്ടുകള്‍ ഇറക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്.
‘നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് വളരെയധികം പരിശ്രമങ്ങള്‍ ആവശ്യമാണ്, എന്നാല്‍ അതിനോടൊപ്പം നമ്മുടെ ദൈവങ്ങളുടെയും ദേവതകളുടെയും അനുഗ്രഹവും ആവശ്യമാണ്,
ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍… ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്… അത് അങ്ങനെ തന്നെ നില്‍ക്കണം. മറുവശത്ത് ഗണേഷ് ജിയുടെയും ലക്ഷ്മി ജിയുടെയും ഫോട്ടോ വെച്ചാല്‍ രാജ്യം മുഴുവന്‍ അവരുടെ അനുഗ്രഹം ലഭിക്കും,
‘ഇന്തോനേഷ്യ ഒരു മുസ്‌ലിം രാജ്യമാണ്. 85% മുസ്‌ലിങ്ങളും 2% ഹിന്ദുക്കളും ഉണ്ട്, എന്നാല്‍ കറന്‍സിയില്‍ ശ്രീ ഗണേഷ് ജിയുടെ ചിത്രമുണ്ട്. പുതിയതായി അച്ചടിക്കുന്ന നോട്ടുകളില്‍ മാതാ ലക്ഷ്മിയുടെയും ശ്രീ ഗണേഷ് ജിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു,’ എന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സ്വന്തം ചിഹ്നമായ ചൂലെടുത്ത് തുടച്ചുകളഞ്ഞാല്‍ പോകാത്തത്ര വര്‍ഗീയ മാലിന്യമാണ് ബി.ജെ.പിയുടെ ബി ടീം നേതാവിലുള്ളത്.
ഇന്ത്യയുടെ മതേതര സങ്കല്‍പ്പത്തിനാണ് തലസ്ഥാനത്തിരുന്ന് അരവിന്ദ് കെജ്‌രിവാള്‍ കളങ്കമേല്‍പ്പിക്കുന്നത്. ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് പോലും സാധ്യമാകാത്ത വര്‍ഗീയ പ്രീണനത്തിനാണ് കെജ്രിവാള്‍ ശ്രമിക്കുന്നത്.
ഗാന്ധിയും നെഹ്റുവും അംബേദ്കറുമൊക്കെ ഉയര്‍ത്തിപ്പിടിച്ച ഈ രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ ഒരു വര്‍ഗീയ അജണ്ടയ്ക്ക് മുന്നിലും ഇന്നേവരെ തകര്‍ന്ന് വീണിട്ടില്ല. ഇനിയും അതങ്ങനെ തന്നെയായിരിക്കും.
വര്‍ഗീയ കുപ്പായമണിഞ്ഞ് നില്‍ക്കുന്ന തങ്ങള്‍ക്ക് സാധിക്കാത്തതൊക്കെ നേടാന്‍ മതേതര മേലങ്കിയണിഞ്ഞ് ബി.ജെ.പി തീറ്റിപ്പോറ്റുന്ന അവരുടെ പരിവാര്‍ സംഘടന മാത്രമാണ് ആം ആദ്മി പാര്‍ട്ടിയെന്നും അവരുടെ പ്രചാരകന്‍ മാത്രമാണ് അരവിന്ദ് കെജ്‌രിവാള്‍ എന്നും ഈ രാജ്യം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.
ഉടന്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രീണനം നടപ്പിലാക്കി അതുവഴി വോട്ട് വിഭജനം നടത്തി കാര്യങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. ആദ്യമായല്ല തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുന്ന കെജ്‌രിവാളിനെ കാണുന്നത്.
കൊവിഡ് കാലത്ത് ദല്‍ഹിയിലും തെരഞ്ഞെടുപ്പ് കാലത്ത് ഗോവയിലുമൊക്കെ കണ്ട വര്‍ഗീയ നയങ്ങളുടെ തുടര്‍ച്ച മാത്രമാണ് ഇപ്പോള്‍ ഗുജറാത്ത് ലക്ഷ്യമിട്ട് കെജ്‌രിവാള്‍ നടത്തുന്നത്. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹിയില്‍ സമരം നടക്കുമ്പോള്‍ തിരിഞ്ഞുനോക്കാതെ നിശബ്ദനായിരുന്ന മുഖ്യമന്ത്രിയായിരുന്നു കെജ്‌രിവാള്‍.
രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മതേതര സങ്കല്‍പ്പത്തിലും ഭരണഘടനാ മൂല്യങ്ങളിലും വിള്ളല്‍ വീഴ്ത്താന്‍ ശ്രമിക്കുന്ന ഏത് ശക്തിയെയും ഇന്ത്യന്‍ ജനത തിരിച്ചറിയുമെന്നും അവരെ ‘ചൂലെടുത്ത്’ അടിച്ചോടിക്കുമെന്നും ഉറപ്പുണ്ട്.
Content Highlight: Congress Leader KC Venugopal Against Delhi CM Aravind Kejriwal