'ഞങ്ങള്‍ക്ക് ഭൂരിപക്ഷമില്ലാതെയായി പോയി'; വിനേഷ് ഫോഗട്ടിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യണം: ഭൂപീന്ദര്‍ സിങ് ഹൂഡ
national news
'ഞങ്ങള്‍ക്ക് ഭൂരിപക്ഷമില്ലാതെയായി പോയി'; വിനേഷ് ഫോഗട്ടിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യണം: ഭൂപീന്ദര്‍ സിങ് ഹൂഡ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th August 2024, 7:34 pm

ന്യൂദല്‍ഹി: 2024 പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യണമെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ. സംസ്ഥാന നിയമസഭയില്‍ പാര്‍ട്ടിക്ക് അംഗസംഖ്യയുണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസ് വിനേഷിന്റെ പേര് നിര്‍ദേശിക്കുമായിരുന്നുവെന്ന് ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞു.

‘വിനേഷ് ഫോഗാട്ടിനെ പ്രചോദിപ്പിക്കേണ്ടതുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് ഭൂരിപക്ഷമില്ല. ഉണ്ടായിരുന്നെങ്കില്‍ രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് വിനേഷ് ഫോഗാട്ടിനെ നാമനിര്‍ദേശം ചെയ്‌തേനെ. കാരണം അത്രമാത്രം അഭിമാനമാണ് വിനേഷിലൂടെ നമുക്ക് ഉണ്ടായിരിക്കുന്നത്,’ എന്നാണ് ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞത്.

ഭൂപീന്ദര്‍ സിങ് ഹൂഡയുടെ മകന്‍ ദീപേന്ദര്‍ സിങ് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ സംസ്ഥാനത്തെ ഒരു രാജ്യസഭാ സീറ്റില്‍ ഒഴിവ് വന്നിരുന്നു. ഈ സീറ്റില്‍ നിന്ന് വിനേഷ് ഫോഗട്ടിനെ നാമനിര്‍ദേശം ചെയ്യണമെന്നാണ് ഹൂഡ ആവശ്യപ്പെട്ടത്.

വിനേഷ് ഫോഗട്ട് തോറ്റിട്ടില്ലെന്നും അവരുടെ വിജയം ആളുകളുടെ ഹൃദയത്തെ കീഴടക്കിയെന്നും ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ക്ക് വിനേഷ് ഫോഗട്ട് പ്രചോദനമാണെന്നും ഹൂഡ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഭൂപീന്ദര്‍ ഹൂഡയുടെ പരാമര്‍ശത്തിനെതിരെ അദ്ദേഹത്തിന്റെ അമ്മാവനായ മഹാവീര്‍ ഫോഗട്ട് രംഗത്തെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിനേഷിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനുള്ള നിര്‍ദേശത്തെ മഹാവീര്‍ ഫോഗട്ട് ‘രാഷ്ട്രീയ സ്റ്റണ്ട്’ എന്നാണ് വിശേഷിപ്പിച്ചത്.

ഹരിയാനയില്‍ ഹൂഡ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ തന്റെ മകള്‍ ഗീത ഫോഗട്ട് ഗുസ്തി വിഭാഗത്തില്‍ നിരവധി കിരീടങ്ങള്‍ നേടിയിരുന്നു. പക്ഷെ ഗീത ഫോഗട്ടിനെ രാജ്യസഭയിലേക്ക് നിര്‍ദേശിച്ചിരുന്നില്ലെന്നും ഹാവീര്‍ ഫോഗട്ട് പറഞ്ഞു. എന്തുകൊണ്ടാണ് തന്റെ മകളെ ഹൂഡ സര്‍ക്കാര്‍ രാജ്യസഭയിലേക്ക് അയക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം ഫൈനല്‍ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് നടത്തിയ ഭാര പരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയതിന് പിന്നാലെയാണ് പാരീസ് ഒളിമ്പിക്‌സില്‍ നിന്ന് വിനേഷ് ഫോഗാട്ട് അയോഗ്യയാക്കപ്പെട്ടത്. ഒളിമ്പിക്‌സില്‍ ഗുസ്തി വിഭാഗത്തില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് വിനേഷ് ഫോഗട്ട്.

Content Highlight: Congress leader Bhupinder Singh Hooda wants Vinesh Phogat to be nominated to the Rajya Sabha