മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സര്‍ക്കാരിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമാകാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ്. ജനങ്ങള്‍ ഇപ്പോഴും ബി.ജെ.പിയെ അധികാരത്തില്‍ നിന്നു പുറത്താക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ശിവസേന അത്തരത്തിലൊരു തീരുമാനമെടുക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് വിജയ് വഡേട്ടിവര്‍ പറഞ്ഞു.
‘ജനവിധി ബി.ജെ.പിക്കെതിരാണ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സഖ്യമെന്ന നിലയ്ക്കു ശിവസേനയാണ് ബി.ജെ.പിയെ പുറത്താക്കി സര്‍ക്കാരുണ്ടാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഇതുവരെ ഇക്കാര്യത്തില്‍ ശിവസേനയുടെ കാഴ്ചപ്പാടിനെക്കുറിച്ച് ഒന്നുമറിയില്ല.
അവരുമായി ഒരു ബന്ധവും ഞങ്ങള്‍ പുലര്‍ത്തുന്നില്ല. ബി.ജെ.പിയുമായി കൈകോര്‍ക്കണോ എന്ന കാര്യത്തില്‍ ശിവസേനയാണ് ഇനി തീരുമാനമെടുക്കേണ്ടത്.’- അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും എന്‍.സി.പിയും പ്രതിപക്ഷത്തിരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ബി.ജെ.പിയെ പുറത്തിരുത്താനാണു തീരുമാനമെങ്കില്‍ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെല്ലാം ഒന്നിച്ചുകൂടുമെന്നും അദ്ദേഹം പറഞ്ഞു.
‘മഹാരാഷ്ട്രയിലെ ജനങ്ങള്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ ആ സാഹചര്യം മനസ്സിലാക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. അതിന്റെ ഫലമായി ഞങ്ങള്‍ ആ അവസരം തലനാരിഴയ്ക്കാണു നഷ്ടപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ഷകരും തൊഴിലാളികളും തൊഴിലില്ലാത്ത യുവാക്കളും എല്ലാം സര്‍ക്കാരിനെതിരായിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥികള്‍ തോറ്റത് വന്‍ മാര്‍ജിനിലാണ്. അതുകൊണ്ടുതന്നെ ഫഡ്‌നാവിസിന് ഓഫീസില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടു.’- അദ്ദേഹം പറഞ്ഞു.
ബി.ജെ.പി വിമുക്ത സര്‍ക്കാരിനായി പ്രതിപക്ഷം ഒന്നടങ്കം പ്രവര്‍ത്തിക്കുമെന്നും ആ വഴിക്ക് ഒരു കര്‍മ്മപദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തങ്ങള്‍ ഒരു സര്‍ക്കാര്‍ രൂപീകരണത്തിന്റെയും ഭാഗമാകില്ലെന്ന് എന്‍.സി.പി വ്യക്തമാക്കിയിരുന്നു. ജനവിധി ശിവസേനയ്ക്കും ബി.ജെ.പിക്കും ഒപ്പമാണെന്നും അവര്‍ക്ക് എല്ലാവിധ ആശംസകളെന്നും എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
ശക്തമായ പ്രതിപക്ഷത്തിന്റെ റോളാണ് എന്‍.സി.പി വഹിക്കുകയെന്നും പട്ടേല്‍ വ്യക്തമാക്കി. എന്‍.സി.പി നിലപാട് വ്യക്തമാക്കിയത് മുന്നോട്ടുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയനീക്കങ്ങള്‍ക്കു തിരിച്ചടിയാകും.
288 അംഗ നിയമസഭയില്‍ 105 സീറ്റാണ് ബി.ജെ.പിക്കുള്ളത്. സേനയ്ക്ക് 56 സീറ്റും. എന്‍.സി.പി 54 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് 44 എണ്ണം നേടി.
ബി.ജെ.പി ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ മുഖ്യമന്ത്രി പദത്തില്‍ തീരുമാനമെടുക്കുന്നതുവരെ സര്‍ക്കാര്‍ രൂപീകരണം വൈകുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിപദം രണ്ടരവര്‍ഷം വീതം പങ്കുവെയ്ക്കണമെന്ന തങ്ങളുടെ ആവശ്യം എഴുതിനല്‍കണമെന്നാണ് പാര്‍ട്ടി നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ശിവസേനാ നേതാവ് പ്രതാപ് സര്‍നായിക് പറഞ്ഞു.
പാര്‍ട്ടി എം.എല്‍.എമാര്‍ ഉദ്ധവുമായി ഇന്നു നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. അമിത് ഷായോ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസോ ഇക്കാര്യം എഴുതി നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
50:50 ഫോര്‍മുലയില്ലാതെ സര്‍ക്കാര്‍ രൂപീകരണവുമായി തങ്ങള്‍ മുന്നോട്ടുപോകില്ലെന്നാണ് സര്‍നായിക് പറഞ്ഞത്. അതേസമയം തങ്ങളില്‍ നിന്ന് ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ആദിത്യ താക്കറെ മുഖ്യമന്ത്രിയാകണമെന്നാണ് ശിവസേനാ എം.എല്‍.എമാരുടെ ആവശ്യം. എന്നാല്‍ ഉദ്ധവാണ് ഇതില്‍ അന്തിമ തീരുമാനം എടുക്കുകയെന്നും സര്‍നായിക് പറഞ്ഞു.