മഹാരാഷ്ട്രയിലെ മഹായുദ്ധത്തിന് ഞങ്ങള്‍ തയ്യാറെന്ന് രമേശ് ചെന്നിത്തല; ജനവിധി നവംബര്‍ 23ന്
Kerala News
മഹാരാഷ്ട്രയിലെ മഹായുദ്ധത്തിന് ഞങ്ങള്‍ തയ്യാറെന്ന് രമേശ് ചെന്നിത്തല; ജനവിധി നവംബര്‍ 23ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th October 2024, 6:46 pm

തിരുവനന്തപുരം: ഇലക്ഷന്‍ കമ്മീഷന്‍ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ അംഗത്തിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ്.

മഹാരാഷ്ട്രയിലെ അഴിമതി സര്‍ക്കാരിനെ താഴെയിറക്കി മഹാ അഘാഡി സഖ്യം അധികാരത്തിലേറുമെന്ന് പ്രഖ്യാപിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് ഇന്‍-ചാര്‍ജ് രമേശ് ചെന്നിത്തല.

രാഷ്ട്രീയ യുദ്ധത്തിനായി കോണ്‍ഗ്രസ് തയ്യാറായി കഴിഞ്ഞെന്നും കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയും അടങ്ങുന്ന മഹാവികാസ് അഘാഡി, അഴിമതി സര്‍ക്കാരില്‍ നിന്ന് മഹാരാഷ്ട്രയെ രക്ഷിക്കാന്‍ തയ്യാറായെന്നും കുറിപ്പില്‍ പറയുന്നു.

ചതിയിലൂടെയും കുതികാല്‍ വെട്ടിലൂടെയും അധികാരത്തിലേറിയ ശിവസേന-ബി.ജെ.പി-എന്‍.സി.പി സര്‍ക്കാരിനെതിരെയുള്ള ജനരോഷം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ചെന്നിത്തല പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പിലും അഴിമതി നടത്തി ജനങ്ങളെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും എന്നാല്‍ ഇത്തവണ അത്തരം പൊടിക്കൈകള്‍ നടക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

മഹാരാഷ്ട്രയിലെ ഉള്‍ഗ്രാമങ്ങളില്‍ പോലും നിലവിലെ സര്‍ക്കാരിനെതിരെ രോഷം തിളച്ച് മറിയുകയാണെന്നും അതിന്റെ ഒടുവിലെത്തെ ഉദാഹരണമാണ് മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകമെന്നും പോസ്റ്റില്‍ പറയുന്നു. ഈ കൊലപാതക്കത്തോടെ ക്രിമിനല്‍ ഭരണത്തിനെതിരെ ജനരോഷം ഉയരുകയാണെന്നും മുന്‍മന്ത്രിയുടെ ജീവന് പോലും രക്ഷയില്ലാത്ത അവസ്ഥയാണെന്നും പറയുന്നു.

എന്നാല്‍ ഇതിനെതിരെ കൃത്യവും ചിട്ടയുള്ളതുമായ പ്രവര്‍ത്തനങ്ങളിലൂടെ ജനമനസുകളില്‍ ഇടം പിടിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ച് കഴിഞ്ഞെന്നും അതിനായി ഓരോ വോട്ടര്‍മാരിലേക്കും എത്തിച്ചേരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞെന്നും കുറിപ്പില്‍ ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നവംബര്‍ 20നാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്രയില്‍ 9.36 കോടി വോട്ടര്‍മാരാണുള്ളത്. 20 ലക്ഷം പുതിയ വോട്ടര്‍മാരുമുണ്ട്. ഒരു ലക്ഷത്തിലേറെ പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.

ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 13ന് ആദ്യഘട്ടവും നവംബര്‍ 20ന് രണ്ടാംഘട്ടവും നടക്കും. നവംബര്‍ 23ന് വോട്ടെണ്ണല്‍ നടക്കും. ജാര്‍ഖണ്ഡില്‍ 2.6 കോടി വോട്ടര്‍മാരും 11.84 ലക്ഷം പുതിയ വോട്ടര്‍മാരുമാണുള്ളത്.

Content Highlight: Congress is ready for election battle in Maharashtra says Ramesh Chennithala