മൂന്നാം സീറ്റ്: വില പേശാനുറച്ച് ലീഗ്; കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസില്‍ ആശങ്ക
Kerala News
മൂന്നാം സീറ്റ്: വില പേശാനുറച്ച് ലീഗ്; കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസില്‍ ആശങ്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd February 2024, 8:27 am

മലപ്പുറം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മുസ്‌ലിം ലീഗ് വ്യക്തമാക്കിയതോടെ പ്രതിസന്ധിയിലായി കോണ്‍ഗ്രസ്. ഈ ആവശ്യം ഒറ്റയടിക്ക് തള്ളാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് – ലീഗ് ഉഭയകക്ഷി ചര്‍ച്ച കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ സമവായമുണ്ടാകാതിരുന്നതോടെ അടുത്ത തിങ്കളാഴ്ച വീണ്ടും യോഗം ചേരും.

ഇതിനിടെ മൂന്നാം സീറ്റ് വെറുതെ ചോദിച്ചതല്ലെന്നും അത് ലഭിക്കാന്‍ വേണ്ടിത്തന്നെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. അടുത്ത ദിവസം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ലീഗിന്റെ ആവശ്യം അംഗീകരിക്കില്ലെങ്കിലും വെട്ടിത്തുറന്ന് പറഞ്ഞ് പ്രതിസന്ധിയുണ്ടാക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. മുന്നണി ചര്‍ച്ചയില്‍ ഇതിനകം മൂന്ന് സീറ്റെന്ന ആവശ്യം ലീഗുന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട്, അല്ലെങ്കില്‍ വടകരയോ കാസര്‍ഗോഡോ കണ്ണൂരോ ആണ് ലീഗ് നോട്ടമിടുന്നത്.

എന്നാല്‍ മുന്നണിക്കല്ല, പാര്‍ട്ടിക്ക് ആണ് സീറ്റുകള്‍ വര്‍ധിപ്പിക്കേണ്ടത് എന്ന ദേശീയ നിലപാടിന്റെ ഭാഗമായി ലീഗിന്റെ കൈയിലുള്ള പൊന്നാനി കൈക്കലാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമോ എന്ന ആശങ്കയും ലീഗിനുണ്ട്.

ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടി ആവശ്യം തുറന്നടിച്ച് വ്യക്തമാക്കിയത്. മുന്നണി യോഗത്തില്‍ ലീഗ് ഇതേ ആവശ്യം ഉന്നയിച്ചപ്പോള്‍ കെ. സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ മയത്തിലാണ് പ്രതികരിച്ചത്.

മാണി കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ രണ്ടാമത്തെ വലിയ കക്ഷിയോട് ഇടയാന്‍ പറ്റിയ സാഹചര്യമല്ല കോണ്‍ഗ്രസിനുള്ളത്. ലീഗിനാകട്ടെ ഇടതുമുന്നണിയുടെ സമീപനം ഈ സാഹചര്യത്തില്‍ രാഷ്ട്രീയമായി വിലപേശാന്‍ പറ്റിയ അവസരവുമാണ്.

ഇതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്. തിങ്കളാഴ്ചയോടെ സീറ്റ് പങ്കിടുന്ന കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകാമെന്നാണ് കരുതപ്പെടുന്നത്.

മൂന്നാം സീറ്റെന്ന നിലപാടില്‍ ലീഗ് ഉറച്ച് നിന്നാല്‍ കോണ്‍ഗ്രസിനകത്തും പൊട്ടിത്തെറിയുണ്ടായേക്കും. ലീഗിനെ മയപ്പെടുത്താന്‍ കോണ്‍ഗ്രസിന് മറ്റു വാഗ്ദാനങ്ങളും നല്‍കേണ്ടി വരും.

ഇതാദ്യമായാണ് ലീഗ് പരസ്യമായി മൂന്നാം സീറ്റ് ആവശ്യം ഉന്നയിക്കുന്നത്. നിലവില്‍ മലപ്പുറവും പൊന്നാനിയുമാണ് ലീഗിന്റെ സീറ്റുകള്‍.

അര്‍ഹിക്കുന്ന സീറ്റ് ആവശ്യപ്പെട്ടില്ലെങ്കില്‍ അണികളോട് മറുപടി പറയേണ്ടിവരുമെന്ന പ്രതിസന്ധിയും ലീഗ് നേരിടുന്നുണ്ട്. എല്ലാ വിഷയ ത്തിലും അനുനയ സമീപനം സ്വീകരിക്കുന്നതായി പാര്‍ട്ടിക്കുള്ളില്‍ നേരത്തേ വിമര്‍ശനമുയര്‍ന്നിരുന്നു.

മൂന്നാം സീറ്റ് ലഭിച്ചാല്‍ യുവനേതാക്കളെ പരിഗണിക്കാമെന്ന കണക്കുകൂട്ടലും ലീഗിനുണ്ട്. ഇത്തവണ സമ്മര്‍ദം ചെലുത്തി നിയമസഭ, രാജ്യസഭ സീറ്റുകള്‍ നേടിയെടുക്കുകയെന്ന തന്ത്രമുള്ളതായും വിലയിരുത്തപ്പെടുന്നു.

ലീഗ് വാശി ഉപേക്ഷിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

 

Content highlight: Congress is in a crisis after the Muslim League stated that it is sticking to its demand for the third seat in the Lok Sabha elections.