സുല്‍ത്താന്‍ബത്തേരി: കോഴ വിവാദത്തെച്ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാകുന്നു. വിവാദത്തിനിടെ സുല്‍ത്താന്‍ ബത്തേരിയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
പ്രശാന്ത് മലവയല്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും കടുത്ത നടപടി സ്വീകരിക്കണമെന്നും ഭൂരിഭാഗം ഭാരവാഹികളും യോഗത്തില്‍ ആവശ്യം ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
സി.കെ ജാനുവിന്റെ തെരഞ്ഞെടുപ്പ് ഫണ്ടുകള്‍ കൈകാര്യം ചെയ്തത് പ്രശാന്ത് ആണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ ഫണ്ട് നിയോജക മണ്ഡലത്തില്‍ ചെലവാക്കിയില്ലെന്ന ആരോപണവും ചില ബി.ജെ.പി നേതാക്കള്‍ പ്രശാന്തിനെതിരെ ഉന്നയിച്ചിരുന്നു.
കോഴ കൈമാറിയെന്ന ആരോപണം വന്നതോടെ പ്രശാന്തിനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു. നേരത്തെ ഇത് ചോദ്യം ചെയ്ത യുവമോര്‍ച്ചാ ജില്ലാ സെക്രട്ടറി ദീപു പുത്തന്‍പുരയില്‍, സുല്‍ത്താന്‍ബത്തേരി മണ്ഡലം പ്രസിഡന്റ് ലിലില്‍ കുമാര്‍ എന്നിവരെ സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.