സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായേക്കും; ഓരോ ജില്ലയിലേയും രോഗികളുടെ എണ്ണം 5000 കടന്നേക്കുമെന്ന് സര്‍ക്കാര്‍
Kerala News
സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായേക്കും; ഓരോ ജില്ലയിലേയും രോഗികളുടെ എണ്ണം 5000 കടന്നേക്കുമെന്ന് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th July 2020, 1:03 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായേക്കാമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന യോഗത്തിലാണ് വിലയിരുത്തല്‍.

നിലവില്‍ ഓരോ ജില്ലകളിലും 5000 രോഗികള്‍ വരെ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇപ്പോഴുള്ള പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കണമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ആഗസ്റ്റ് മാസം ആകുമ്പോഴേക്കും കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 70,000 കടക്കുമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍.

നിലവില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഈ വിലയിരുത്തല്‍. ഓരോ ജില്ലയിലും രോഗികളുടെ എണ്ണം 5000 കടക്കാനുള്ള സാധ്യതയേറേയാണ്.

അതിനായി അത്യാവശ്യമായുള്ള ക്രമീകരണങ്ങള്‍ ഒരുക്കണം. ഓരോജില്ലയിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ വ്യക്തമാക്കി. കൂടുതല്‍ കിടക്കകള്‍ ഇവിടങ്ങളില്‍ സജ്ജീകരിക്കണം-എന്നിവയായിരുന്നു മന്ത്രി സഭായോഗത്തിലെ പ്രധാന തീരുമാനങ്ങള്‍.

അതേസമയം തീരദേശമേഖലയില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കാനുള്ള സാഹചര്യമുണ്ടെന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മ വ്യക്തമാക്കി. തീരദേശത്തെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് പ്രായമായവരെ മാറ്റിപ്പാര്‍പ്പിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വ്യാപനം പരിഗണിച്ച് സംസ്ഥാന എല്ലാ തീരദേശമേഖലയിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പലയിടത്തും മീന്‍ വില്‍പ്പന വരെ നിരോധിച്ചിട്ടുണ്ട്.

ഈ മാസം 27 ആണ് നിയമസഭ സമ്മേളനം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരായ നടപടി മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ