തിരുവനന്തപുരം: ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഉടന്‍ ഒത്തുതീര്‍പ്പാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആറന്മുള സ്വദേശിയായ പരാതിക്കാരന് മുഴുവന്‍ പണവും തിരികെ നല്‍കി ഒത്തുതീര്‍പ്പാക്കുമെന്ന് സ്ഥാപന ഉടമ അറിയിച്ചെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായത് പാര്‍ട്ടിക്ക് വലിയ തലവേദനയായിരുന്നു.
പ്രശ്‌ന പരിഹാരത്തിന് വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസ് നിയമനടപടികളിലേക്ക് കടക്കുംമുമ്പ് പരിഹരിക്കാനാണ് ശ്രമം.
പരാതിക്കാരനായ ആറന്മുള സ്വദേശി ഹരികൃഷ്ണന് പണം തിരികെ നല്‍കാമെന്ന് ന്യൂഭാരത് ബയോടെക്‌നോളജീസ് ഉടമ വിജയന്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി ഇപ്പോള്‍.
പ്രശ്‌നം വേഗം ഒത്തുതീര്‍പ്പാക്കണമെന്ന നിര്‍ദേശം ആര്‍.എസ്.എസും മുന്നോട്ടുവെച്ചിട്ടുണ്ട്.
കുമ്മനം രാജശഖരന്‍ ആറന്മുള സ്വദേശിയില്‍ നിനന്ന് 28.75 ലക്ഷം രൂപ തട്ടിച്ചെന്നാണ് കേസ്. വ്യാഴാഴ്ച്ചയാണ് കുമ്മനം രാജശേഖരനും അദ്ദേഹത്തിന്റെ മുന്‍ പി.എ പ്രവീണും അടക്കമുള്ളവരെ പ്രതിചേര്‍ത്ത് പരാതി നല്‍കിയത്.
പേപ്പര്‍ കോട്ടണ്‍ മിക്സ് എന്ന കമ്പനിയില്‍ പാര്‍ട്ണര്‍ ആക്കാമെന്ന് പറഞ്ഞ് 28 ലക്ഷം വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. ഒന്നാം പ്രതി പ്രവീണാണ്. കേസില്‍ അഞ്ചാം പ്രതിയാണ് കുമ്മനം.
പണം കൈപ്പറ്റിയ ശേഷം പാര്‍ട്ണര്‍ഷിപ്പിലേക്ക് പോകുകയോ മറ്റോ ചെയ്തില്ലെന്നും വര്‍ഷങ്ങളോളം കാത്തിരുന്നെങ്കിലും നടപടികളൊന്നും ആയില്ലെന്നും പരാതിയില്‍ പറയുന്നു. പല തവണ കുമ്മനത്തെ കണ്ടെങ്കിലും കാര്യമുണ്ടായില്ല.
പ്രവീണിന്റെ വിവാഹ ദിവസം 10000 രൂപ കുമ്മനം തന്റെ പക്കല്‍ നിന്നും കൈ വായ്പ വാങ്ങിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
പാലക്കാട് സ്വദേശി വിജയന്‍, സേവിയര്‍, ബി.ജെ.പി ആര്‍.ആര്‍.ഐ സെല്‍ കണ്‍വീനര്‍ ഹരികുമാര്‍, വിജയന്‍, ഭാര്യ കൃഷ്ണവേണി എന്നിവരാണ് മറ്റ് പ്രതികള്‍. കേസില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.