ഇ.വി.എമ്മിനെതിരെ വീണ്ടും പരാതി; ഒമ്പത് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റില്‍ പത്ത് സ്ലിപ്പ്, അധികമായി വന്നത് ബി.ജെ.പിയുടേത്
Kerala News
ഇ.വി.എമ്മിനെതിരെ വീണ്ടും പരാതി; ഒമ്പത് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റില്‍ പത്ത് സ്ലിപ്പ്, അധികമായി വന്നത് ബി.ജെ.പിയുടേത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th April 2024, 10:18 am

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നടന്ന മോക് പോളിങ്ങില്‍ തിരിമറി നടന്നതായി പരാതി. ഒമ്പത് വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റില്‍ പത്ത് സ്ലിപ്പുകള്‍ വന്നതായും അധികമായി ഉണ്ടായിരുന്നത് ബി.ജെ.പിയുടേതാണെന്നുമാണ് പരാതി. കാഞ്ഞിരപ്പള്ളിയിലാണ് പരാതിക്കാസ്പദമായ സംഭവം.

ഏപ്രില്‍ 17ന് ആണ് ഇ.വി.എമ്മില്‍ സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം പതിച്ചതും മോക് പോളിങ് നടന്നതും. പൂഞ്ഞാറിലെ ഒരു സ്വകാര്യ കോളേജിലായിരുന്നു പോളിങ് നടന്നത്. 172 മെഷീനുകള്‍ പരിശോധിച്ചതില്‍ നിന്ന് അഞ്ച് മെഷീനുകളില്‍ ക്രമക്കേടുകള്‍ കണ്ടുവെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

എട്ട് സ്ഥാനാര്‍ത്ഥികളും നോട്ടയടക്കകം ഒമ്പത് വോട്ടുകളാണ് ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ വിവി പാറ്റില്‍ വന്നത് പത്ത് വോട്ടുകളും. അധികമായി വന്നത് ബി.ജെ.പിയുടെ താമര ചിഹ്നമാണെന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവം നടക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കലക്ടര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും തുടര്‍ന്നുണ്ടായ പരിശോധനയില്‍ ഇത് സാങ്കേതിക തകരാറാണെന്ന് ചൂണ്ടിക്കാട്ടുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ക്രമക്കേടില്‍ പ്രതികരിച്ച് പൂഞ്ഞാര്‍ കോണ്‍ഗ്രസ് നേതൃത്വം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. അതേസമയം പരാതി ഉണ്ടെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്താമെന്ന് ജില്ലാ കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നു.

Content Highlight: Complaint of rigging in mock polling held in Pathanamthitta constituency