'ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ചാറ്റുകള്‍ ചോരുന്നു, ഷാഫി പറമ്പില്‍ ഇടപെടുന്നില്ല'; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നിരന്തരമായി ചാറ്റുകള്‍ ചോരുകയാണെന്നാണ് പരാതി. ഇതുസംബന്ധച്ച് സംസ്ഥാന നേതൃത്വത്തിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. ഇക്കാര്യം വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസിന്റെ 12 സംസ്ഥാന നേതാക്കള്‍ ദേശീയ പ്രസിഡന്റിന് കത്തയച്ചു. നാല് വൈസ് പ്രസിഡന്റ്മാരും നാല് ജനറല്‍ സെക്രട്ടറിമാരും നാല് സെക്രട്ടറിമാരും ഒപ്പിട്ട കത്താണ് ദേശിയ നേതൃത്വത്തിന് അയച്ചിരിക്കുന്നത്.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍.എസ്. നുസൂര്‍, എസ്.എം. ബാലു, റിയാസ് മുക്കോളി, എസ്.ജെ. പ്രേംരാജ്, ജനറല്‍ സെക്രട്ടറിമാരായ എം.പി. പ്രവീണ്‍, കെ.എ. ആബിദ് അലി, കെ.എസ്. അരുണ്‍, വി.പി. ദുല്‍ഖിഫില്‍, സെക്രട്ടറിമാരായ മഞ്ജുക്കുട്ടന്‍, അനീഷ് കാട്ടാക്കട, പാളയം ശരത്, മഹേഷ് ചന്ദ്രന്‍ എന്നിവരാണ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസന് കത്തയച്ചത്.
സംഭവം പലവട്ടം ബോധ്യപ്പെട്ടിട്ടും സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ നടപടിയെടുക്കുന്നില്ലെന്നാണ് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. ചാറ്റ് ചോര്‍ച്ച നേരത്തെ ഉണ്ടായിട്ടും നടപടി എടുത്തില്ലെന്നും പറയുന്നു. ദേശീയ നേതൃത്വം നിയോഗിച്ച പ്രത്യേക സമിതിക്കുപോലും അച്ചടക്ക ലംഘനം നടത്തിയ ആളെ കണ്ടെത്താനായില്ലെന്നും കത്തില്‍ ആരോപിക്കുന്നു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ കയറി കരിങ്കൊടി കാണിക്കാനുള്ള നിര്‍ദേശം നല്‍കിയത് ശബരിനാഥനെന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇങ്ങനെയൊരു പരാതി ലഭിക്കുന്നത്.
‘സി.എം കണ്ണൂര്‍- തിരുവനന്തപുരം വിമാനത്തില്‍ വരുന്നുണ്ട്. രണ്ട് പേര്‍ വിമാനത്തില്‍ നിന്ന് കരിങ്കൊടി കാണിച്ചാല്‍…… വിമാനത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയില്ലല്ലോ,’ എന്നാണ് കോണ്‍ഗ്രസിന്റെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ ശബരിനാഥന്‍ അയച്ച സന്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിക്കാം എന്നത് തന്റെ ആശയം ആയിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥന്‍ പറഞ്ഞു. വാട്സാപ്പ് ഗ്രൂപ്പില്‍ ആശയം പങ്കുവച്ചത് താനാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച ശബരിനാഥന്‍ തന്നെപോലെയൊരു പൊതുപ്രവര്‍ത്തകന് ഇതാണ് സ്ഥിതിയെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്നും ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളാ പൊലീസിനെ ഞാന്‍ ഒരിക്കലും കുറ്റം പറയില്ല. അവരെ നിയന്ത്രിക്കുന്നവരുടെ വീഴ്ച തന്നെയാണിത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി പൊലീസിനെക്കൊണ്ട് എന്തും ചെയ്യിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. മിടുക്കരായ ഓഫീസര്‍മാരെ ഇത്തരം ചട്ടുകങ്ങളായി ഉപയോഗിക്കുന്നുണ്ട്. കോടതിയും പൊളിറ്റിക്കല്‍ സര്‍ക്കിളും മീഡിയാസുമൊക്കെ ശക്തമായ കേരളത്തില്‍ ഇങ്ങനെയൊരു നടപടി നടക്കില്ല എന്ന് സര്‍ക്കാരിന് എന്തുകൊണ്ട് മനസിലാകുന്നില്ല. ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലെയോ പുടിന്റെ റഷ്യ പോലെയോ അല്ല, ഇത് കേരളമാണെന്ന് സര്‍ക്കാര്‍ മനസിലാക്കണം. ഇന്നലെ 12 മണിക്കൂര്‍ നടന്ന നാടകത്തിന്റെ ഒരാവശ്യവും ഉണ്ടായിരുന്നില്ലെന്നും ശബരിനാഥന്‍ പറഞ്ഞു.