മുംബൈ: ഔറംഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട് നാഗപൂരിലുണ്ടായ സംഘര്‍ഷത്തിലുണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം കലാപകാരികളില്‍ നിന്ന് തന്നെ ഈടാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും അവ വില്‍ക്കുമെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
എവിടെയെല്ലാം ബുള്‍ഡോസര്‍ നടപടികള്‍ ആവശ്യമാണോ അവിടെയെല്ലാം ബുള്‍ഡോസര്‍ ഉപയോഗിക്കുമെന്നും ആരെയും വെറുതെ വിടില്ലെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
അക്രമത്തിനെതിരെ സര്‍ക്കാരിന് ഉറച്ച നിലപാടുകള്‍ ഉണ്ടെന്നും നിലവില്‍ നാഗ്പൂരിലെ ക്രമസമാധാന നില തൃപ്തികരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാഗ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 104 പേരെ തിരിച്ചറിയുകയും അതില്‍ 92 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഫഡ്‌നാവിസ് അറിയിച്ചു.
കലാപവുമായി ബന്ധപ്പെട്ട് 68ലധികം പോസ്റ്റുകള്‍ ഫ്‌ളാക് ചെയ്ത് ഇല്ലാതാക്കിയെന്നും സോഷ്യല്‍ മീഡിയയിലൂടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ആളുകളെ കേസില്‍ കൂട്ടുപ്രതികളായി കണക്കാക്കുമെന്നും ഫഡ്‌നാവിസ് അറിയിച്ചു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാഗ്പൂര്‍ സന്ദര്‍ശനം നേരത്തെ നിശ്ചയിച്ചത് പോലെ നടക്കുമെന്നും മാര്‍ച്ച് 30ന് പ്രധാനമന്ത്രി ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിക്കാനായി എത്തുമെന്നും അദ്ദേഹം പറഞ്ഞു.
നാഗ്പൂരില്‍ വി.എച്ച്.പി പ്രവര്‍ത്തകരുള്‍പ്പെടെ നടത്തിയ സംഘര്‍ഷത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും കല്ലേറുണ്ടാവുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ പത്ത് കമാന്റോകള്‍ക്കും രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കും രണ്ട് ഫയര്‍മാന്‍മാര്‍ക്കുമാണ് പരിക്കേറ്റത്.
ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്നാണ് വി.എച്ച്.പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചത്. രണ്ട് ജെ.സി.ബികള്‍ ഉള്‍പ്പെടെ 40 വാഹനങ്ങളാണ് കലാപകാരികള്‍ കത്തിച്ചത്. സംഘര്‍ഷത്തില്‍ 50 ഓളം പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആര്‍.എസ്.എസിന്റെ ആസ്ഥാനത്തിന് സമീപമാണ് അക്രമം നടന്നത്. അക്രമികള്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും മറ്റ് വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തതോടെ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു.
Content Highlight: Compensation for damage caused in Nagpur clashes will be recovered from rioters: Devendra Fadnavis