സാമുദായിക നേതാക്കള്‍ സമൂഹത്തില്‍ വിലയുള്ളവര്‍; അവരുടെ അഭിപ്രായങ്ങളെ എതിര്‍ക്കാനില്ല: രമേശ് ചെന്നിത്തല
Kerala News
സാമുദായിക നേതാക്കള്‍ സമൂഹത്തില്‍ വിലയുള്ളവര്‍; അവരുടെ അഭിപ്രായങ്ങളെ എതിര്‍ക്കാനില്ല: രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd December 2024, 10:59 am

ആലപ്പുഴ: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.എല്‍.എയുമായ രമേശ് ചെന്നിത്തല.

വെള്ളാപ്പള്ളി നടേശനുമായി വര്‍ഷങ്ങളുടെ വ്യക്തായിബന്ധമുണ്ടെന്നും തന്നെ കുറിച്ച് അദ്ദേഹം നല്ല വാക്കുകള്‍ പറഞ്ഞന്നേയുള്ളുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അഭിപ്രായങ്ങള്‍ എല്ലാം സ്വാഭാവികമാണെന്നും അദ്ദേഹം പ്രതികരിച്ചു. കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ആഭ്യന്തര മന്ത്രി എന്നീ ചുമതലകള്‍ വഹിച്ചിരുന്നപ്പോഴെല്ലാം എല്ലാവരുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

അതില്‍ ക്രൈസ്തവ സഭകളും മുസ്‌ലിം സംഘടനകളും സഹകരണ സംഘടനകളും പട്ടികജാതി-പട്ടികവര്‍ഗ സംഘടനകളും ഉണ്ട്. ഈ പറഞ്ഞ എല്ലാവരുമായി നല്ല ബന്ധമാണ് ഉള്ളത്. അങ്ങനെയാണ്, അതാണ് വേണ്ടതും. കോണ്‍ഗ്രസ് എല്ലാവരെയും ഒരുമിച്ച് നിര്‍ത്തുന്ന പാര്‍ട്ടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മന്നം ജയന്തിയിലേക്ക് എന്‍.എസ്.എസ് വിളിച്ചത് വളരെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിമാനത്തോടെ ക്ഷണം സ്വീകരിക്കുന്നു. മറ്റു സംഘടനകളും വിളിക്കുന്നുണ്ട്. കഴിയുന്നതിലെല്ലാം പങ്കെടുക്കും. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അത് തന്റെ കടമയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സാമുദായിക നേതാക്കള്‍ സമൂഹത്തില്‍ വിലയുള്ളവരാണ്. അവര്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അതിനെ എതിര്‍ത്തുകൊണ്ട് തങ്ങള്‍ ഒന്നും പറയാറില്ല, പ്രതികരിക്കാറില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍ നിന്ന് ആര് മുഖ്യമന്ത്രിയാകും എന്ന ചര്‍ച്ച ഇപ്പോള്‍ ഇല്ല. മാധ്യമങ്ങള്‍ ചോദിച്ച ചോദ്യത്തിനോടാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. സാമുദായിക സംഘടനകള്‍ക്കും കേരളത്തില്‍ ആര് മുഖ്യമന്ത്രിയാകും എന്ന് അഭിപ്രായം പറയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്നാണ് വെള്ളാപ്പളളി പറഞ്ഞത്. സ്വയം പ്രവര്‍ത്തിച്ച് കേരളത്തില്‍ നല്ലൊരു മന്ത്രിയാകുകയും ഇന്ത്യയില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവാകുകയും ചെയ്തയാളാണ് രമേശ് ചെന്നിത്തല. എന്നാല്‍ വെറുപ്പ് കൊടുത്ത് വെറുപ്പ് വാങ്ങുന്നയാളാണ് സതീശന്‍. രണ്ട് പേരെയും നോക്കിയാല്‍ കടലും കടലാടിയും പോലെയാണെന്നുമാണ് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചത്.

Content Highlight: Community leaders are valued in society; Their views cannot be contested: Ramesh Chennithala