വര്‍ഗീയതയില്‍ മുസ്‌ലിം ലീഗ് എവിടെ നില്‍ക്കുന്നു
Notification
വര്‍ഗീയതയില്‍ മുസ്‌ലിം ലീഗ് എവിടെ നില്‍ക്കുന്നു
പ്രമോദ് പുഴങ്കര
Sunday, 20th December 2020, 5:02 pm

മുസ്‌ലിം ലീഗ് വര്‍ഗീയ കക്ഷിയല്ല എന്ന് ബാക്കിയെല്ലാവരും നിര്‍ബന്ധമായും അംഗീകരിക്കണം എന്നാണ് ലീഗുകാരുടെ മാത്രമല്ല, ജമാഅത്തെ ഇസ്‌ലാമിക്കാരുടെയും ആവശ്യം. മുസ്‌ലിം ലീഗ് വര്‍ഗീയ കക്ഷിയാണെന്നും അതുകൊണ്ട് ആ കക്ഷിയുമായി തെരഞ്ഞെടുപ്പ് ധാരണയടക്കം ഉണ്ടാക്കേണ്ടതില്ലെന്നും നിലവില്‍ തീരുമാനമുള്ള രാഷ്ട്രീയകക്ഷികള്‍ അവരെ വര്‍ഗീയ കക്ഷി എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?

പിന്നെ മുസ്‌ലിം ലീഗോ ജമാഅത്തെ ഇസ്ലാമിയോ എസ്.ഡി.പി.ഐയോ ഒക്കെ അവരുടെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ പേരില്‍ എതിര്‍ക്കപ്പെടുമ്പോള്‍ അതിലെവിടെയാണ് മുസ്‌ലിം വിരുദ്ധത, ഇസ്ലാമോഫോബിയ?

മഹാഭൂരിപക്ഷം മുസ്‌ലിങ്ങളും വര്‍ഗീയവാദികളല്ല, ജമാഅത്തെ ഇസ്ലാമിയുമല്ല, ലീഗുമല്ല. മുസ്‌ലിം ലീഗ് ഐക്യ ജനാധിപത്യ മുന്നണിയിലുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ്. രാഷ്ട്രീയ വിമര്‍ശനം നേരിടുമ്പോള്‍ മുസ്‌ലിം സമുദായത്തെ ആക്രമിച്ചേ എന്ന തട്ടിപ്പ് ഇനി ചെലവാകില്ല.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ കൂട്ടുചേര്‍ന്ന് കേരളത്തില്‍ കടുത്ത വര്‍ഗീയ ധ്രുവീകരണത്തിന് ബി.ജെ. പിയോട് മത്സരിച്ച കക്ഷിയാണ് ലീഗ്. ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് എത്തുന്നു എന്നത് ആശങ്കപ്പെടേണ്ട കാര്യമാണോ? ആണ് എന്നുതന്നെയാണ് ഉത്തരം. സാമാന്യമായ മതേതര സ്വഭാവം നിലനിര്‍ത്താന്‍ ചരിത്രപരമായ ഉത്തരവാദിത്തമുള്ള കോണ്‍ഗ്രസിനെ മൂലയ്ക്ക് തള്ളി, ലീഗെടുത്ത ന്യൂനപക്ഷ വര്‍ഗീയതയുടെ കൂട്ടുകെട്ടാണ് കേരളത്തില്‍ ഇപ്പോള്‍ ഹിന്ദുത്വ ഭീകരതയുടെ രാഷ്ട്രീയത്തിന്റെ ബദലായി അവര്‍ അവതരിപ്പിച്ചത്. അപകടകരമായ രാഷ്ട്രീയമാണത് എന്ന് പറയുന്നതില്‍ മതേതര രാഷ്ട്രീയം എന്തിനു മടിക്കണം.

1967-69-ലും 1970 കളില്‍ ലീഗില്‍ നിന്നുള്ള വിഘടിത ഗ്രൂപ്പായ അഖിലേന്ത്യാ ലീഗുമായും ഉള്ള സഖ്യവും അടക്കം മുസ്‌ലിം ലീഗുമായുള്ള എല്ലാ വിധത്തിലുള്ള സഖ്യസാധ്യതകളെയും 1985-നു ശേഷമുള്ള നയപരമായ തീരുമാനത്തോടെ സി.പി.ഐ.(എം) അവസാനിപ്പിച്ചു. ശേഷം 2000-ത്തില്‍ ലീഗുമായുള്ള പ്രാദേശിക നീക്കുപോക്കുകളടക്കമുള്ള സാധ്യതകളിലൂടെ വീണ്ടും അത്തരത്തിലൊരു സഖ്യത്തിന്റെ ചര്‍ച്ച പാര്‍ട്ടിയില്‍ ഉയര്‍ന്നെങ്കിലും അത് പരാജയപ്പെടുകയും ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയുമായുള്ള ഒരു തരത്തിലുള്ള രാഷ്ട്രീയ സഖ്യവും വേണ്ടെന്ന നിലപാട് പാര്‍ടി വീണ്ടും ഉറപ്പിക്കുകയും ചെയ്തു.

ഇതിലൊരു തര്‍ക്കത്തിനും നിലവില്‍ കേരളത്തില്‍ ഇടമില്ല. മുസ്‌ലിം ലീഗ് വര്‍ഗീയ കക്ഷിയാണ്. മുസ്‌ലിം സമുദായത്തിലെ ധനികരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും മുസ്ലിം സമുദായത്തെ യാഥാസ്ഥിതികമായ മതജീര്‍ണ്ണതകളില്‍ തളച്ചിടുകയും ചെയ്യുന്ന വര്‍ഗീയ കക്ഷികളുടെ പൊതുരീതിയാണ് അവര്‍ അവലംബിക്കുന്നതും.

ഐക്യമുന്നണിയാണെങ്കില്‍ പോലും ലീഗ് ശക്തിപ്പെടുക എന്നത് ന്യൂനപക്ഷ വര്‍ഗീയതയുടെ ഒരു വിഭാഗം ശക്തിപ്പെടുക എന്നതാണ്. ബി.ജെ. പിയെയോ സംഘപരിവാര്‍ രാഷ്ട്രീയത്തെയോ നേരിട്ടെതിര്‍ക്കാനുള്ള ഒരു രാഷ്ട്രീയനീക്കവും അടുത്തകാലത്തൊന്നും നടത്താത്ത കക്ഷിയാണ് ലീഗെന്നും ഓര്‍ക്കണം.

കേരളത്തില്‍ ഇടതുപക്ഷം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്ന് ജനസംഖ്യയുടെ ഏതാണ്ട് 46% വരുന്ന മുസ്‌ലിം, ക്രിസ്ത്യന്‍ മതന്യൂനപക്ഷ വിഭാഗങ്ങളില്‍ മത പൗരോഹിത്യവും മുസ്‌ലിം ലീഗിനെപ്പോലുള്ള വര്‍ഗീയകക്ഷികളും ചെലുത്തുന്ന സ്വാധീനമാണ്. അതിനെ മറികടക്കാനുള്ള എല്ലാ വിധ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും ഇടതുപക്ഷം തയ്യാറാകേണ്ടതുമുണ്ട്.

മുസ്‌ലിം സമുദായത്തില്‍ വെല്‍ഫെയര്‍ കക്ഷിയും പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും പോലുള്ള കടുത്ത വര്‍ഗീയവാദികളുടെ സ്വാധീനത്തേയും മുസ്‌ലിം ലീഗിനെപ്പോലുള്ള പരമ്പരാഗത മുസ്‌ലിം രാഷ്ട്രീയ വ്യാപാരികളേയും മറികടന്നുകൊണ്ട് മുസ് ലിങ്ങള്‍ ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ മതേതര രാഷ്ട്രീയത്തിനോടൊപ്പവും ഇടതുപക്ഷത്തോടൊപ്പവുമൊക്കെ അണിചേരുന്നുണ്ട്.

മതവിശ്വാസം ഒരു സ്വകാര്യ തെരഞ്ഞെടുപ്പാണെന്നും ജനാധിപത്യ രാഷ്ട്രീയത്തില്‍ മതത്തെ കൂട്ടിക്കലര്‍ത്തുന്ന ഹിന്ദുത്വ ഭീകരതയുടെ മറ്റൊരു പതിപ്പാണ് ഇത്തരം ന്യൂനപക്ഷ വര്‍ഗീയ കക്ഷികളെന്നും തിരിച്ചറിയുന്ന മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും മുസ്‌ലിങ്ങളും തങ്ങളുടെ വിശ്വാസത്തിന്റെ സ്വകാര്യ മണ്ഡലത്തിന്മേലുള്ള വര്‍ഗീയവാദികളുടെ കടന്നുകയറ്റത്തെ ചെറുക്കുന്നവരായതുകൊണ്ടാണ് കേരളം ഇന്നും കേരളമായി നിലനില്‍ക്കുന്നത്.

ശബരിമല ലഹളക്കാലത്ത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം മതേതരമായ ഒരു രാഷ്ട്രീയ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ കേരളത്തിലെ സംഘപരിവാറിന് കേരള സമൂഹത്തെ സകല നവോത്ഥാന, പുരോഗമന രാഷ്ട്രീയ മൂല്യങ്ങളുടെയും പിറകോട്ടടിപ്പിച്ച ആ ലഹള നടത്താന്‍ കഴിയില്ലായിരുന്നു. പകരം സുരേന്ദ്രനെ തോല്‍പ്പിക്കും വിധം കെ.സുധാകരനും ഉണ്ണിത്താനും ഹിന്ദുമത വര്‍ഗീയ വിഷം ചീറ്റിയ വിശ്വാസ സംരക്ഷണ ജാഥകളാണ് കോണ്‍ഗ്രസ് നടത്തിയത്.

ഇതേ വഞ്ചനയാണ് ലീഗിന്റെ കാര്‍മ്മികത്വത്തില്‍ ജമാഅത്തെ ഇസ്ലാമിയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കിക്കൊണ്ട് കോണ്‍ഗ്രസ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചെയ്തത്. ഒരു വശത്ത് അയോദ്ധ്യയില്‍ ബാബരിമസ്ജിദിന്റെ താഴ് തകര്‍ക്കാനും ശിലാന്യാസത്തിനും അനുമതി നല്‍കുകയും മറുവശത്ത് മുസ്‌ലിം വര്‍ഗീയവാദികളെ പ്രീണിപ്പിക്കാന്‍ ഷാബാനു കേസിലെ സുപ്രീം കോടതി വിധിയെ അട്ടിമറിക്കാന്‍ നിയമം കൊണ്ടുവരികയും ചെയ്ത രാജീവ്ഗാന്ധിയുടെ കാലത്തെ അതെ തട്ടിപ്പാണ് കോണ്‍ഗ്രസ് പയറ്റാന്‍ നോക്കുന്നത്.

അതിന്റെ ഫലം എന്തായിരുന്നുവെന്ന് അധികമൊന്നും അകലെയല്ലാതെ ദുരന്തമായി കോണ്‍ഗ്രസിന്റെ ചരിത്രത്തിലുണ്ട്, ഇന്ത്യയുടെയും.
തങ്ങളുടെ അവശേഷിക്കുന്ന സ്വാധീനം നിലനിര്‍ത്താന്‍ ഏതുതരത്തിലുള്ള വര്‍ഗീയകളിക്കും സന്നദ്ധമാണെന്ന സന്ദേശമാണ് ലീഗ് നല്‍കുന്നത്. ആ ലീഗിന്റെ സ്വാധീനം കോണ്‍ഗ്രസിനെ വരെ അട്ടിമറിക്കുന്ന തരത്തിലെത്തിയാല്‍ ഇപ്പഴേ ദുര്‍ബലമായ കോണ്‍ഗ്രസിന് അതില്‍നിന്നുള്ള കൊഴിഞ്ഞുപോക്കിനെ തടയാനാകില്ല. അതുകൊണ്ട് മുസ്‌ലിം ലീഗിനെപ്പറഞ്ഞാല്‍ വര്‍ഗീയതയാകില്ല. മുസ്‌ലിം ലീഗാണ് വര്‍ഗീയത, മുസ്‌ലിങ്ങളല്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Communalism and Muslim League – Pramod Puzhankara Writes

പ്രമോദ് പുഴങ്കര
സുപ്രീംകോടതി അഭിഭാഷകന്‍