കൊൽക്കത്ത: ബംഗാളിലെ മാൾഡ ജില്ലയിലെ മോട്ടബാരിയിൽ നടന്ന വർഗീയ അക്രമത്തിലും തീവെപ്പിലും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാൻ പശ്ചിമ ബംഗാൾ പൊലീസിനോട് ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതി.
മാൾഡ ജില്ലയിലെ മോട്ടബാരിയിൽ വലിയ തോതിലുള്ള വർഗീയ അക്രമം പൊട്ടിപ്പുറപ്പെട്ടുവെന്ന് അവകാശപ്പെട്ട് സമർപ്പിക്കപ്പെട്ട ഒരു പൊതുതാത്പ്പര്യ ഹരജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ സൗമെൻ സെൻ, സ്മിത ദാസ് ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് റിപ്പോർട്ട് തേടിയത്.
മോട്ടബാരിയിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതായി വാദമുണ്ട്. അക്രമത്തിന്റെ സ്വഭാവവും വ്യാപ്തിയും കാണിക്കുന്ന ദൃശ്യങ്ങൾ ഹരജിക്കാരൻ സമർപ്പിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം മോട്ടബാരിയിൽ അത്തരം ഒരു സംഭവമുണ്ടായെന്നും സമാധാന ലംഘനം ഉണ്ടാകാതിരിക്കാൻ 25 പേരെ അറസ്റ്റ് ചെയ്തും ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 300 പൊലീസ് ഉദ്യോഗസ്ഥരെ സംഭവ സ്ഥലത്ത് വിന്യസിച്ചും ഭരണകൂടം ഉടനടി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാനത്തിന്റെ അഭിഭാഷകൻ വാദിച്ചു.
തുടർന്ന് കോടതി സംഭവത്തിൽ പശ്ചിമ ബംഗാൾ പൊലീസ് സ്വീകരിച്ച നടപടികൾ വിശദമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ‘ഈ വിഷയത്തിന്റെ തീവ്രത കണക്കിലെടുത്ത്, അത്തരം അക്രമങ്ങൾക്കിരയായ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനം ജാഗ്രതയോടെ പ്രവർത്തിക്കുകയും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. പൗരന്മാരുടെ അവകാശം സംരക്ഷിക്കപ്പെടുന്നുണ്ടെന്നും അവരുടെ സുരക്ഷാ ഉറപ്പാക്കുകയും ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. പൊതുജനങ്ങളുടെ മനസ്സിൽ സമാധാനവും ആത്മവിശ്വാസവും പുനഃസ്ഥാപിക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമായിരിക്കും. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണം. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് 2025 ഏപ്രിൽ മൂന്നിന് സമർപ്പിക്കാൻ മാൾഡ ജില്ലാ മജിസ്‌ട്രേറ്റിനോടും പൊലീസ് സൂപ്രണ്ടിനോടും കോടതി ഉത്തരവിടുന്നു,’ കോടതി പറഞ്ഞു.
നിലവിൽ പശ്ചിമ ബംഗാളിലെ മാൾഡയിലെ മോട്ടബാരിയിലും പരിസര പ്രദേശങ്ങളിലും സംഘർഷത്തെത്തുടർന്ന് ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവയ്ക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. രാമനവമിക്കുള്ള ഒരുക്ക റാലി മാൾഡയിലെ പ്രാദേശിക പള്ളിയുടെ സമീപത്ത് കൂടി കടന്ന് പോയിരുന്നു. ആ സമയം ചിലർ പള്ളിക്ക് സമീപം പടക്കം എറിഞ്ഞതായി ഒരു വിഭാഗം ആളുകൾ ആരോപിച്ചു. വാർത്ത പരന്നതോടെ ഒരു വിഭാഗം ആളുകൾ പ്രാദേശിക റോഡുകൾ ഉപരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇത് പിന്നീട് സംഘർഷത്തിലേക്ക് വഴി തെളിക്കുകയായിരുന്നു.
Content Highlight: Communal Violence, Arson Breaks Out At Bengal’s Motabari, 25 Arrested: Calcutta HC Seeks Action Taken Report