കോഴിക്കോട്: ജനുവരി രണ്ടിന് സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കോഴിക്കോട് മിഠായി തെരുവില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പൊലീസിന് വിഴ്ച്ചയുണ്ടായി എന്ന ആരോപണത്തില്‍ വിശദീകരണവുമായി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍. വലിയ സംഘര്‍ഷത്തിലേക്ക് പോവുമായിരുന്ന ഹര്‍ത്താല്‍ ദിനത്തെ ആവുന്ന രീതിയില്‍ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് അവിടെയുള്ള പോലീസുകാരുടെ പ്രവര്‍ത്തനം കൊണ്ടായിരുന്നുവെന്ന് കമ്മീഷണര്‍ പറഞ്ഞു.
മിഠായിത്തെരുവില്‍ സംഘപരിവാര്‍ ആക്രമണത്തില്‍ നിന്നും വാഗ്ദാനം ചെയ്ത സുരക്ഷ വ്യാപാരികള്‍ക്ക് ഏര്‍പ്പെടുത്താന്‍ സാധിക്കാതിരുന്നത് ജില്ലാ പൊലീസ് മേധാവിയുടെ വീഴ്ചയാണെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സിവില്‍ പൊലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്ന് എന്ന ഉദ്യോഗസ്ഥന്‍ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് വിശദീകരണവുമായി കമ്മീഷണര്‍ രംഗത്തെത്തിയത്.
അന്ന് ഡി.വൈ.എസ്.പി പദവിയിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മിഠായി തെരുവില്‍ 40 പോലീസുകാരെ വിന്യസിച്ചിരുന്നുവെന്നും കൃത്യമായ നിര്‍ദേശങ്ങള്‍ നേരിട്ടെത്തി നല്‍കിയിരുന്നുവെന്നും അദ്ദേഹം മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു.
അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതിന്റെ ഭാഗമായാണ് കാര്യങ്ങള്‍ കൈവിട്ട് പോവാതിരുന്നത്. അല്ലെങ്കില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും കര്‍മസമിതി പ്രവര്‍ത്തകരും തമ്മില്‍ മിഠായി തെരുവിന്റെ നടുവില്‍ വെച്ച് വലിയ സംഘര്‍ഷമുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഏഴ് മണിക്കും ഒമ്പത് മണിക്കും പ്രകടനം നടക്കുന്ന സമയത്തുമെല്ലാം സ്ഥലത്തുണ്ടായിരുന്നു. ഉദ്യോഗസ്ഥരോട് സ്ഥലത്തിന്റൈ സ്‌കെച്ചും മറ്റ് കാര്യങ്ങളുമെല്ലാം വിശദീകരിച്ച് കൊടുക്കുകയും ചെയ്തതാണ്. മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ല.
Read Also : ലീഗുകാരെ… പുര കത്തുമ്പോള്‍ അതില്‍ നിന്നും നൈസായി ബീഡികത്തിക്കരുത്
എണ്ണത്തില്‍ വളരെ കുറഞ്ഞ ഒരു സംഘത്തിന് തോന്നുന്നിടത്തെല്ലാം പ്രകടനം നടത്താനും അക്രമം കാണിക്കാനും സാധിക്കുന്ന വിധത്തില്‍ ദുര്‍ബലമായിരുന്നു കോഴിക്കോട്ടെ പൊലീസ് സംരക്ഷണമെന്നായിരുന്നു ഉമേഷിന്റെ ആരോപണം.
“മിഠായിത്തെരുവിലേക്ക് ധാരാളം വഴികളുള്ളത് കൊണ്ട് അക്രമികളെ നിയന്ത്രിക്കാന്‍ പറ്റിയില്ലെന്ന പൊലീസ് മേധാവിയുടെ വാദത്തെ ഉമേഷ് എതിര്‍ക്കുന്നു. മിഠായിത്തെരുവില്‍ അക്രമികള്‍ വന്നത് ഊടുവഴികളിലൂടെയല്ല, പ്രധാന റോഡുകളിലൂടയാണ്. തുറന്ന കടകളുടെ അടുത്തെത്തുന്നതിനു മുന്‍പേ അവരെ തടയാനുള്ള യാതൊരു സംവിധാനവും കണ്ടില്ല. മൂന്നു വഴികളില്‍ അക്രമികളെ തടയാനുള്ള പോലീസിനെ വിന്യസിച്ചാല്‍ തന്നെ വിജയിക്കുമായിരുന്നു പക്ഷെ അതുണ്ടായില്ല” തുടങ്ങി നിരവധി ആരോപണങ്ങളാണ് പൊലീസ് മേധാവിക്കെതിരെ ഉമേഷ് ഉയര്‍ത്തിയത്.