സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം യു.ഡി.എഫ് വിട്ടു; അരവിന്ദാക്ഷന്റേത് യൂദാസിനെ തോല്‍പ്പിക്കുന്ന വഞ്ചനയെന്ന് സി.പി ജോണ്‍
Kerala
സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം യു.ഡി.എഫ് വിട്ടു; അരവിന്ദാക്ഷന്റേത് യൂദാസിനെ തോല്‍പ്പിക്കുന്ന വഞ്ചനയെന്ന് സി.പി ജോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd March 2014, 2:54 pm

[share]

[] തൃശ്ശൂര്‍: പാര്‍ട്ടിയോട് വഞ്ചനാപരമായ സമീപനം സ്വീകരിയ്ക്കുന്നെന്ന് ആരോപിച്ച് സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം യു.ഡി.എഫ് വിട്ടു. തൃശ്ശൂരില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

യു.ഡി.എഫ് ഘടകക്ഷിയായിരുന്ന സി.എം.പി ഇനി ഇടത്പക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാനാണ് തീരുമാനം. അതിനിടെ അരവിന്ദാക്ഷന്റേത് യൂദാസിനെ തോല്‍പ്പിക്കുന്ന തരത്തിലുള്ള വഞ്ചനയെന്ന് സി.പി ജോണ്‍ ആരോപിച്ചു.

അതേ സമയം കണ്ണൂരിലെ ഓഫീസ് അരവിന്ദാക്ഷന്‍ വിഭാഗം പിടിച്ചെടുത്തു. സി.എം.പി ഓഫീസില്‍ എല്‍.ഡി.എഫ് അനുകൂല പോസ്റ്ററുകളും ഉണ്ട്. പി.കെ ശ്രീമതി ടീച്ചറെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ബാനറുകളാണ് ഓഫീസിലുള്ളത്. ഓഫീസിന് മുന്നിലായി ഇടതി മുന്നണിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.

പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള സി.പി.ഐ.എം നേതാക്കള്‍ കണ്ണൂര്‍ ഓഫീസില്‍ എത്തിയിരുന്നു.

മലപ്പുറം, കോഴിക്കോട്, കാസര്‍ഡോഡ്, ജില്ലാ കമ്മിറ്റികളില്‍ നിന്ന് ഒഴികെയുള്ളവളുടെ പ്രാതിനിധ്യം യോഗത്തിലുണ്ടായിരുന്നെന്നും ഇന്ന ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ 61 പേര്‍ പങ്കെടുത്തെന്നും അരവിന്ദാക്ഷന്‍ വിഭാഗം അവകാശപ്പെട്ടു.

കഴിഞ്ഞ ജനുവരിയില്‍ സി.എം.പിയിലുണ്ടായ പിളര്‍പ്പ് യു.ഡി.എഫ് നേതൃത്വം ഇടപെട്ട് പരിഹരിച്ചിരുന്നു.

പാര്‍ട്ടിയിലെ അരവിന്ദാക്ഷന്‍, സി.പി ജോണ്‍ വിഭാഗങ്ങള്‍ ഒരുമിച്ച് പോകണമെന്നായിരുന്നു കോണ്‍ഗ്രസ് നിര്‍ദേശം. എന്നാല്‍ ഒത്ത് തീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു.

പാര്‍ട്ടിയില്‍ നിന്ന് പിരിച്ച് വിട്ടവരെ തിരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ ഭാരവാഹികളാക്കുന്നെന്നും കൂട്ടായ ആലോചനയില്ലാതെ തീരുമാനമെടുക്കുന്നെന്നുമാണ് സി.പി ജോണിനെതിരെ അരവിന്ദാക്ഷന്‍ വിഭാഗം ആരോപിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ഇത്തരം കാര്യങ്ങളില്‍ ഗൗരമായി ഇടപ്പെട്ടില്ലെന്നും അരവിന്ദാക്ഷന്‍ വിഭാഗത്തിന് ആക്ഷേപമുണ്ട്.

ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച് സി.പി.ഐ.എം നേതാക്കളുമായി സി.എം.പി നേതൃത്വം പലതവണ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.