മോദിക്ക് മുമ്പിൽ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി; തൃശൂരിൽ സി.പി.ഐയെ സി.പി.ഐ.എം കുരുതികൊടുക്കും: കെ. മുരളീധരൻ
Kerala News
മോദിക്ക് മുമ്പിൽ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി; തൃശൂരിൽ സി.പി.ഐയെ സി.പി.ഐ.എം കുരുതികൊടുക്കും: കെ. മുരളീധരൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th January 2024, 12:22 pm

തിരുവനന്തപുരം: തങ്ങളെ കാണുമ്പോൾ ചീറി കടിക്കാൻ വരുന്ന ആൾ അനുസരണയുള്ള ഒരു ആട്ടിൻകുട്ടിയായിട്ട് മോദിയുടെ മുമ്പിൽ നിൽക്കുന്നു എന്നും തൃശൂരിൽ സി.പി.ഐയെ സി.പി.ഐ.എം കുരുതികൊടുക്കുമെന്നും കോൺഗ്രസ്‌ നേതാവും എം.പിയുമായ കെ. മുരളീധരൻ.

‘അന്തർധാര വ്യക്തമായിക്കഴിഞ്ഞു. തൃശൂരിൽ ഏതാണ്ട് സി.പി.ഐയെ കുരുതി കൊടുക്കാൻ തീരുമാനിച്ചു. ഇനി ബാക്കി ഘടകകക്ഷികളെ എവിടെ കുരുതി കൊടുക്കും എന്നുള്ളത് തെരഞ്ഞെടുപ്പിൽ കാണാം.

ആ അന്തർധാരയാണ് എയർപോർട്ടിലും മറ്റും കാണാൻ കഴിഞ്ഞത്. ഇത്രയും അനുസരണയുള്ള ഒരു കുട്ടിയായിട്ട് മുഖ്യമന്ത്രിയെ ആദ്യമായിട്ട് കാണുകയാണ്. ഞങ്ങളെ കാണുമ്പോൾ ചീറി കടിക്കാൻ വരുന്ന ആൾ അനുസരണയുള്ള ഒരു ആട്ടിൻകുട്ടിയായിട്ട് മോദിയുടെ മുമ്പിൽ നിൽക്കുന്നു. അത് ഇതിന് വേണ്ടിയിട്ടാണ്.

ഈ കുരുക്കിൽ നിന്ന് ഊരിപ്പോകാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. അതേതായാലും നടക്കില്ല, ഞങ്ങൾ തുറന്നുകാണിക്കും. തീർച്ചയായും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം.

ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ മുദ്രാവാക്യം പിണറായി മോദി അവിശുദ്ധ കൂട്ടുകെട്ട് പരാജയപ്പെടുത്തുക എന്നതാണ്,’ കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടും എക്സാലോജിക് കേസിൽ എന്തുകൊണ്ടാണ് സി.ബി.ഐയെയോ ഇ.ഡിയെയോ കേന്ദ്രം അന്വേഷണ ചുമതല ഏൽപ്പിക്കാത്തത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു.

രജിസ്ട്രാർ ഓഫ് കമ്പനീസ് ഒരു സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയാണ്. അവർ തന്നെ ശുപാർശ ചെയ്യുന്നത് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിനാണ്. വീണ്ടും ഈ കോർപ്പറേറ്റ് മന്ത്രാലയം എന്താണ് അന്വേഷിക്കുന്നത് എന്ന് ആർക്കും മനസ്സിലായിട്ടില്ല. സി.ബി.ഐയോ ഇ.ഡിയോ അന്വേഷിക്കേണ്ട വളരെ ഗൗരവമുള്ള കേസാണ് ഇത്.

മുഖ്യമന്ത്രി നേരത്തെ പറഞ്ഞത്‌ എക്സാലോജിക് കമ്പനിക്ക് അവരുടെ ഭാഗം പറയാൻ അവസരം കൊടുക്കുന്നില്ല എന്നാണ്. എന്നാൽ രജിസ്ട്രാർ ഓഫ് കമ്പനീസിന് മുമ്പിൽ ഒരു തെളിവും അവർക്ക് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഇത് കള്ളപ്പണം വെളുപ്പിക്കലാണെന്ന നിഗമനത്തിൽ ആർ.ഒ.സി എത്തിയത്.

വളരെ വ്യക്തമാണ് കാര്യങ്ങൾ. പിന്നെ എന്തുകൊണ്ട് കേന്ദ്രസർക്കാർ സി.ബി.ഐ അന്വേഷണത്തിലേക്കോ ഇ.ഡി അന്വേഷണത്തിലേക്കോ പോകുന്നില്ല?

ഇവർ തമ്മിലുള്ള ധാരണകൾ നിലനിൽക്കുന്നു എന്നാണ് ഞങ്ങൾ സംശയിക്കുന്നത്,’ പ്രതിപക്ഷ നേതാവ് പറഞ്ഞു.

പിണറായി വിജയനും കേന്ദ്ര സർക്കാരിനുമിടയിലുള്ള ഇടനിലക്കാരനാണ് വി. മുരളീധരൻ എന്നും സതീശൻ ആരോപിച്ചു.

Content Highlight: CM is like an obedient Child infront of Modi says K Muralidharan