തിരുവനന്തപുരം: പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം, മാഗ്‌സസെ ജേതാവും സാമൂഹിക പ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ സാഹിത്യത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മഹാശ്വേതാ ദേവിയുടെ നിര്യാണത്തില്‍ വി.എസ് അച്യുതാനന്ദനും അനുശോചനം രേഖപ്പെടുത്തി. ഇതിഹാസമാനമുള്ള കഥകള്‍കൊണ്ടും നോവലുകള്‍കൊണ്ടും സാമൂഹ്യനിബദ്ധമായ ഇടപെടലുകള്‍കൊണ്ടും ഇന്ത്യന്‍ സാഹിത്യത്തിനും സാമൂഹ്യ ജീവിതത്തിനും ഊര്‍ജം പകര്‍ന്ന എഴുത്തുകാരിയായിരുന്നു, മഹാശ്വേതാ ദേവി എന്ന് വി.എസ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
മഹാശ്വേതാ ദേവിയുടെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും അനുശോചിച്ചു. പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ശബ്ദമായിരുന്നു മഹാശ്വേതാ ദേവിയെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസികള്‍ക്കും മറ്റ് ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ മഹാശ്വേതാ ദേവി നിരന്തരമായി പൊരുതി. മനുഷ്യാവകാശ നിഷേധങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ മുന്നണിപ്പോരാളിയായിരുന്നു അവരെന്നും സുധീരന്‍ പറഞ്ഞു.
കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ മഹാശ്വേതാ ദേവിയുടെ സാന്നിദ്ധ്യം ആവേശമായിരുന്നു. മഹാശ്വേതാ ദേവിയുടെ ദേഹവിയോഗം രാജ്യത്തിനും സാംസ്‌കാരിക ലോകത്തിനും കനത്ത നഷ്ടമാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.