'ശുചിത്വകേരളം' പദ്ധതിക്ക് തുടക്കമായി
Daily News
'ശുചിത്വകേരളം' പദ്ധതിക്ക് തുടക്കമായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st November 2014, 7:40 pm

cpim-03തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള “ശുചിത്വകേരളം” പദ്ധതിക്ക് തുടക്കമായി. നാടിനെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. ജഗതി കോര്‍പറേഷന്‍ മൈതാനത്ത് നടന്ന ശുചീകരണത്തില്‍ വളണ്ടിയര്‍മാര്‍ക്കൊപ്പം പിണറായി വിജയനും പരിപാടിയില്‍ ആദ്യാന്തം പങ്കെടുത്തു.

ശുചിത്വം ആഗ്രഹിക്കുന്നവര്‍ മുന്നോട്ട് വരണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വപരിപാടികളില്‍ സഹകരിച്ചും സ്വന്തംനിലയില്‍ പദ്ധതികള്‍ നടപ്പാക്കിയുമാണ് സി.പി.ഐ.എം പരിപാടി നടപ്പാക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നടത്തുന്ന ശുചീകരണം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നഗരത്തില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പദ്ധതി മന്ത്രി വി.എസ് ശിവകുമാറാണ് ഉദ്ഘാടനം ചെയ്തത്. ഡോ. തോമസ് ഐസക് എം.എല്‍.എ, മന്ത്രി മഞ്ഞളാംകുഴി അലി, ശശി തരൂര്‍ എം.പി, ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍, കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

അതത് പ്രദേശത്തിന്റെ സവിശേഷതകള്‍ കണക്കിലെടുത്ത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ മാലിന്യസംസ്‌കരണ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും വീടുകളിലെ മാലിന്യങ്ങള്‍ അവിടെ തന്നെ സംസ്‌കരണം നടത്തുന്നതിനുള്ള പദ്ധതികള്‍ക്കും സി.പി.ഐ.എം നേതൃത്വം നല്‍കും.