മെക്‌സിക്കോ സിറ്റി: സ്വാതന്ത്ര്യം നേടി 200 വര്‍ഷങ്ങള്‍ക്ക് ശേഷം മെക്‌സിക്കോക്ക് ആദ്യ വനിത പ്രസിഡന്റ്. ഇടതുപക്ഷ നേതാവായ ക്ലോഡിയ ഷെയ്ന്‍ബാം പാര്‍ദോയാണ് മെക്‌സിക്കോയുടെ ആദ്യ വനിത പ്രസിഡന്റായി അധികാരമേറ്റത്. പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി തന്റെ വിജയം സമര്‍പ്പിക്കുന്നതായി സ്ഥാനാരോഹണത്തിന് ശേഷം ക്ലോഡിയ അറിയിച്ചു.
മെക്‌സിക്കോ പാര്‍ലമെന്റിന്റെ പ്രതിനിധി സഭയായ ലസാറോ ലെജിസ്ലേറ്റീവ് പാലസില്‍ ചൊവ്വാഴ്ചയായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. ചടങ്ങില്‍ വെച്ച് അധികാര ചിഹ്നമായ അങ്കി ക്ലോഡിയയെ അണിയിച്ചു.
പ്രസിഡന്റായി അധികാരമേറ്റെടുത്തിന് ശേഷം നിര്‍ണാകയമായ തീരുമാനങ്ങളാണ് ക്ലോഡിയ പ്രഖ്യാപിച്ചത്. രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നും ക്ലോഡിയ രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി.
പെട്രോളിയം ഉത്പന്നങ്ങളുടെയും ഭക്ഷ്യ വസ്തുക്കളുടെയും വിലനിയന്ത്രണം നടപ്പിലാക്കുമെന്നും നിയുക്ത പ്രസിഡന്റിന്റെ ആദ്യ പ്രഖ്യാപനങ്ങളിലൊന്നാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായുള്ള സാമ്പത്തിക സഹായം, വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ എന്നിവയും അധികാരമേറ്റെടുത്തതിന് ശേഷം ക്ലോഡിയ ഷെയ്ന്‍ബാം പ്രഖ്യാപിച്ചു. സത്യ പ്രതിജ്ഞ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പബീത്ര മാര്‍ഗരിറ്റ പങ്കെടുത്തു.
മെക്‌സിക്കോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ക്ലോഡിയ വിജയിച്ചത്. മുന്‍ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ആന്ത്രേസ് മാനുവല്‍ ലോപസ് ഒബ്രദറിന്റെ പിന്‍ഗാമിയായാണ് ക്ലോഡിയ മെക്‌സിക്കോയുടെ പ്രസിഡന്റാകുന്നത്.
61 വയസുള്ള ക്ലോഡിയ കാലാവസ്ഥാ ശാസ്ത്രജ്ഞ കൂടിയാണ്. 2000 മുതല്‍ 2006 വരെ ക്ലോഡിയ ആന്ത്രേസ് മാനുവല്‍ ലോപസ് ഒബ്രദറിന്റെ കീഴില്‍ മെക്‌സിക്കോ സിറ്റിയിലെ പരിസ്ഥിതി സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1989ലാണ് ക്ലോഡിയ ഡെമോക്ലാറ്റിക് റെവല്യൂഷന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.