Daily News
കണ്ണൂരില്‍ സംഘര്‍ഷം തുടരുന്നു: ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ വീടിനുനേരെ ബോംബേറ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Aug 30, 04:29 am
Sunday, 30th August 2015, 9:59 am

kannurകണ്ണൂര്‍:  നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴും കണ്ണൂരില്‍ സംഘര്‍ഷം തുടരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ വീടിനു നേരെ ബോംബേറുണ്ടായി. ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്തിന്റെ കണ്ണൂര്‍ പള്ളിയാന്‍മൂലയിലെ വീടിനുനേരെയാണ് ബോംബേറുണ്ടായത്.

പുലര്‍ച്ചെ ഒന്നേമൂക്കാലിനായിരുന്നു രണ്ടു തവണ ബോംബേറുണ്ടായത്. ബൈക്കിലെത്തിയ അക്രമികള്‍ വീടിനുനേരെ ബോംബെറിയുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല.

ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ വീടിനുനേരെയുണ്ടായ ബോംബേറില്‍ സി.പി.ഐ.എമ്മിനു പങ്കില്ലെന്ന് സി.പി.ഐ.എം കമ്ണൂര്‍ ഏരിയാ സെക്രട്ടറി കെ. പി. സുധാകരന്‍ പറഞ്ഞു.

കണ്ണൂര്‍ താളിക്കാവിലും പള്ളിക്കുന്നിലും ഇന്നലെ ബോംബേറുണ്ടായിരുന്നു. കണ്ണൂര്‍ അഴിക്കോട്ട് സി.പി.ഐ.എം അനുഭാവികളായ പതിനൊന്നുപേരുടെ വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായി. സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ക്കുനേരെയും ആക്രമണമുണഅടായി.

ആക്രമണത്തില്‍ വെട്ടേറ്റ രണ്ടു സി.പി.ഐ.എം പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

താളിക്കാവിനടുത്തുണ്ടായ സ്‌ഫോടനത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരായ ജി. രാജേഷ്, കെ.കെ.ജിതിന്‍ എന്നിവരെ പരുക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇവര്‍ക്കുനേരെ ആക്രമണമുണ്ടായത്. ബൈക്കുകളിലെത്തിയ അക്രമികള്‍ ബോംബെറിഞ്ഞെന്നാണ് ഇവര്‍ പറയുന്നത്.

തിരുവോളനാളില്‍ കാസര്‍കോട്് സി.പി.ഐ.എം പ്രവര്‍ത്തകനും തൃശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. കാസര്‍കോട് കോടോം ബേളൂര്‍ കായക്കുന്നില്‍ കാലിച്ചാനടുക്കം ആനപ്പെട്ടി ചുണ്ണങ്കയത്ത് സി. നാരായണന്‍ ആണ് കൊല്ലപ്പെട്ട സി.പി.ഐ.എം പ്രവര്‍ത്തകന്‍.

ഇതേത്തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് മേഖലയില്‍ വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറി. തുടര്‍ന്നാണ് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.