ന്യൂദല്‍ഹി: അയോധ്യ തര്‍ക്കത്തില്‍ മധ്യസ്ഥനാക്കാന്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനെ നിയോഗിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ബോബ്‌ഡെയുടെ വിരമിക്കല്‍ ചടങ്ങില്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് വികാസ് സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘അയോധ്യാകേസില്‍ വാദം കേള്‍ക്കലിന്റെ തുടക്കസമയമായിരുന്നു അത്. മധ്യസ്ഥതയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ (ബോബ്‌ഡെയുടെ) കണക്കുകൂട്ടല്‍. ഷാരൂഖ് കമ്മിറ്റിയുടെ ഭാഗമാകുമോയെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഷാരൂഖിനോട് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹവും ഒരുക്കമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ മധ്യസ്ഥശ്രമം നടന്നില്ല’, വികാസ് സിംഗ് പറഞ്ഞു.
അയോധ്യാകേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചില്‍ ബോബ്‌ഡെയും അംഗമായിരുന്നു. മുന്‍ സുപ്രീംകോടതി ജഡ്ജ് എഫ്.എം.ഐ കാലിഫുല്ല, ആത്മീയനേതാവ് ശ്രീ ശ്രീരവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരായിരുന്നു സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥപാനലിലെ അംഗങ്ങള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക