മുത്തൂറ്റ് ഫിനാന്‍സ്: ജീവനക്കാരുടെ സമരം ശക്തമാക്കാനൊരുങ്ങി സി.ഐ.ടി.യു
Kerala News
മുത്തൂറ്റ് ഫിനാന്‍സ്: ജീവനക്കാരുടെ സമരം ശക്തമാക്കാനൊരുങ്ങി സി.ഐ.ടി.യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th February 2020, 11:37 pm

കൊച്ചി: മൂത്തൂറ്റ് ജീവനക്കാരുടെ സമരം ശക്തമാക്കാനൊരുങ്ങി സി.ഐ.ടി.യു. സമരം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടും മുത്തൂറ്റ് മാനേജ്‌മെന്റ് തീരുമാനം പറയാതെ നീട്ടികൊണ്ടു പോകുന്നതില്‍ പ്രതിഷേധിച്ചാണ് സി.ഐ.ടി.യു സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരത്തെ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.

ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ നേതൃത്വത്തിലായിരുന്നു മുത്തുറ്റ് ജീവനക്കാര്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചുകൊണ്ടിരുന്നത്. വ്യാഴാഴ്ച നടക്കേണ്ട ചര്‍ച്ചയില്‍ നിന്നും മാനേജ് മെന്റ് വിട്ടു നില്‍ക്കുകയായിരുന്നു. വീണ്ടും ഈ മാസം 17 ന് ചര്‍ച്ച നടത്തണമെന്നും പ്രശ്‌നം പരിഹരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുത്തൂറ്റ് ഗ്രൂപ്പിന്റെ 43 ശാഖകളില്‍ നിന്നായി 166 പേരെ പിരിച്ചുവിട്ടതിനെതിരെ എറണാകുളത്ത് ജീവനക്കാര്‍ സമരം ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസം മുത്തൂറ്റ് ഗ്രൂപ്പ് മാനേജ്‌മെന്റ് അനുകൂല ജിവനക്കാര്‍ക്ക് രഹസ്യ സര്‍ക്കുലര്‍ പുറത്തിറക്കിയത് വിവാദമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് സമരം നടക്കുന്ന സ്ഥലത്ത് ‘റൈറ്റ് ടു വര്‍ക്ക്’ എന്ന് ആലേഖനം ചെയ്ത പ്ലക്കാര്‍ഡുയര്‍ത്തണം, ലോക്കല്‍ പൊലീസിനും, ജില്ലാ പൊലീസ് മേധാവിയ്ക്കും സമരക്കാര്‍ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന കാണിച്ച് രേഖാമൂലമുള്ള പരാതി നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയത്.

എഴുതേണ്ട പരാതിയുടെ പകര്‍പ്പും മുത്തൂറ്റ് തൊഴിലാളികള്‍ക്ക് നല്‍കിയിട്ടിട്ടുണ്ട്. ഏതു വിധേനയും ഓഫീസില്‍ പ്രവേശിക്കണമെന്നും ഈ ദിവസങ്ങളിലെ ശമ്പളം കമ്പനി നിര്‍ദേശത്തോട് സഹകരിക്കുന്ന തൊഴിലാളികള്‍ക്ക് നല്‍കുമെന്നും മുത്തൂറ്റ് എം.ഡി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

ആഗ്‌സ്ത് 22 മുതല്‍ 52 ദിവസം നീണ്ട് നിന്ന് സമരം തൊഴിലാളികള്‍ക്കു നേരെ പ്രതികാര നടപടിയുണ്ടാകില്ല എന്ന നിബന്ധനകൂടി മുന്നോട്ട് വച്ചാണ് അവസാനിപ്പിച്ചത്. എന്നാല്‍ ഇതിനുശേഷമാണ് മുത്തൂറ്റ് സാമ്പത്തിക ലാഭമില്ലെന്നു ചൂണ്ടികാട്ടി 166 ജീവനക്കാരെ ഒറ്റയടിയ്ക്ക് പുറത്താക്കിയത്.