തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ ഭ്രമയുഗം. ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ ചിത്രം കൂടിയാണിത്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത സിനിമയില്‍ മമ്മൂട്ടിയെക്കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റുതാരങ്ങള്‍.
അഭിനേതാക്കളുടെ പ്രകടനത്തോടൊപ്പം എല്ലാവരും എടുത്തുപറയുന്ന മറ്റൊരു ഘടകമാണ് ചിത്രത്തിന്റെ സംഗീതം. സിനിമയുടെ മൂഡ് ആദ്യാവസാനം നിലനിര്‍ത്താന്‍ ക്രിസ്റ്റോ സേവിയറിന്റെ സംഗീതം നല്‍കിയ സ്വാധീനം ചെറുതല്ല. ചിത്രത്തിലെ മ്യൂസിക് കേട്ട ശേഷം മമ്മൂട്ടിയുടെ പ്രതികരണം എങ്ങനെയായിരുന്നു എന്ന് ക്രിസ്റ്റോ വിശദമാക്കി. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്‌റ്റോ ഇക്കാര്യം പറഞ്ഞത്.
‘മമ്മൂക്ക ആദ്യം മുതലേ വളരെ എക്‌സൈറ്റഡായിരുന്നു. പോറ്റി തീം ചെയ്ത് തീര്‍ത്ത സമയത്ത്, അത് മമ്മൂക്കക്ക് അയച്ചുകൊടുത്തിരുന്നു. അത് കേട്ടിട്ട് നന്നായിട്ടുണ്ടെന്ന് മമ്മൂക്ക റിപ്ലൈ തന്നു. മമ്മൂക്കക്ക് അത് ഇഷ്ടമായെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഹാപ്പിയായി. സിനിമ ഇറങ്ങി കഴിഞ്ഞ് ജോര്‍ജേട്ടന്‍ വിളിച്ചിട്ട് പരിപാടിയൊക്കെ സെറ്റായിട്ടുണ്ടെന്ന് പറഞ്ഞു. നമുക്ക് ഒന്ന് കൂടണം എന്നും പറഞ്ഞിരുന്നു,’ ക്രിസ്റ്റോ പറഞ്ഞു.