ചൈനക്കവിത | നദി | ദുയാ
Literature
ചൈനക്കവിത | നദി | ദുയാ
ദുയാ
Thursday, 2nd December 2021, 11:46 am

പരിഭാഷ: വി. മുസഫര്‍ അഹമ്മദ്

വസന്തകാലത്താണ്
എനിക്ക് ഇരുപത് വയസായത് .
ഞാനപ്പോള്‍ ഒരു നദിയെ അന്വേഷിച്ചു,
ശാന്തവും വീതിയുമുള്ള
എന്റെ തന്നെ പുനര്‍ജന്‍മമായ
നദിയെ.
കുട്ടിക്കാലം മുതല്‍
ഞാനതിനെ
പല പാട് കണ്ടിട്ടുണ്ട്.
കണ്‍പോളകള്‍
അടഞ്ഞു തുറക്കുന്ന
നിമിഷാര്‍ധങ്ങളില്‍,
സ്വപ്നങ്ങളില്‍.
പക്ഷെ ഒരു മിന്നല്‍ പോലെ
മാത്രം ഞാനതിനെ കണ്ടു
നൊടിയിടെ അത് ശൂന്യതയില്‍
അലിഞ്ഞു.
ആ നദി ഭൂമിക്ക് കുറുകെ
ഒറ്റക്ക് ഒഴുകുന്നു.
പൂര്‍ണ്ണചന്ദ്ര രാത്രികളും
സൂര്യവെളിച്ച പകലുകളും
അതിന്റെ ഭൂതകാലങ്ങളിലൂടെ
ഗതി തെറ്റി എങ്ങിനെ,
എന്തിന് അലഞ്ഞു?
ഏതു മലക്ക്, മരത്തിന് ഗ്രാമത്തിന്
അത് സ്വന്തം പ്രകാശം നല്‍കി?
മടക്കമില്ലാത്ത വിധം അത്
ഏതേതു മാസങ്ങളിലൂടെ ഒഴുകി?
തിളങ്ങുന്ന ആ നദി എന്നേക്കുമായി
അപ്രത്യക്ഷമായി, പിന്നെ
അതിനെ കണ്ടിട്ടേയില്ല.
വസന്തകാലങ്ങളില്‍ ഞാന്‍
എണ്ണമറ്റ നദികളുടെ
തീരങ്ങളിലൂടെ
നടന്നു.
പക്ഷെ അവയൊന്നും
ആ നദിയായിരുന്നില്ല.
അവക്കൊന്നും എന്റെ
ജീവിതത്തിലെ
ഇരുട്ടിനെക്കുറിച്ചറിയില്ല.
ചെറുതിരകളിളക്കി, ശാന്തമായി
ഒഴുകിയ ആ നദിയെപ്പോലെ.
ഭൂതകാലത്തില്‍ നിന്നുള്ള
ചാന്ദ്രപ്രഭ പോലെ, വീടുപോലെ.
പക്ഷെ അത് എന്നേക്കുമുള്ള
വിടവാങ്ങലായിരുന്നു-
അടുക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം
അത് ദൂരേക്ക് ദൂരേക്ക്
ഒഴുകി മറഞ്ഞു.
ആ വസന്തകാലം കഴിഞ്ഞ്
പല വര്‍ഷങ്ങള്‍ കടന്നു പോയി.
ഇപ്പോള്‍ എനിക്കറിയാം,
ഞാന്‍ രണ്ടായി
പിളര്‍ന്നിരിക്കുന്നുവെന്ന്,
ഒരാള്‍ ഈ ഭൂമിയില്‍
എഴുതിയും വായിച്ചും
ഉറങ്ങിയും ജീവിക്കുന്നു.
മറ്റേയാള്‍ അകലേക്കകലേക്കു പോയ
ആ നദിയുടെ തീരത്തേക്കുള്ള
നടത്തം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Chinese Poem – River – Du Ya

ദുയാ
1968ല്‍ ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ ജനിച്ചു. എഴുത്തുകാരിയും എഡിറ്ററുമാകുന്നതിനു മുമ്പ് പത്ത് വര്‍ഷം നഴ്സായി ജോലി ചെയ്തു. 1998ല്‍ ആദ്യ സമാഹാരം 'കാറ്റ് അതിന്റെ പ്രസന്നമായ ചിറകുകളുപയോഗിക്കുന്നു'വും തെരഞ്ഞെടുത്ത കവിതകള്‍ 2008ലും പ്രസിദ്ധീകൃതമായി. 2016ല്‍ പുറത്തു വന്ന'അസ്തമയവും പുലരി വെളിച്ചവും' ചൈനയിലെ വിഖ്യാത പുരസ്‌ക്കാരമായ ലൂഷുന്‍ പ്രൈസ് നേടി.