ചൈന വലിയ വില നൽകേണ്ടി വരും; റഷ്യക്ക് നൽകുന്ന പിന്തുണയെ വിമർശിച്ച് നാറ്റോ
Worldnews
ചൈന വലിയ വില നൽകേണ്ടി വരും; റഷ്യക്ക് നൽകുന്ന പിന്തുണയെ വിമർശിച്ച് നാറ്റോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th June 2024, 1:35 pm

വാഷിങ്ടൺ: ഉക്രൈനിലെ റഷ്യൻ യുദ്ധത്തെ സഹായിക്കുന്നതിന് ചൈന വലിയ വില നൽകേണ്ടി വരുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ്. മോസ്കോയിലേക്ക് മൈക്രോ ഇലക്ട്രോണിക്‌സും മറ്റ് പ്രധാന ഘടകങ്ങളും വിതരണം ചെയ്തുകൊണ്ട് ബീജിങ് റഷ്യ-ഉക്രൈൻ സംഘർഷത്തിന് ആക്കം കൂട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വാഷിങ്ടണിലെ വിൽസൻ സെന്ററിൽ വെച്ച് നടന്ന തന്റെ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിലെ ഏറ്റവും വലിയ സായുധ സംഘട്ടനത്തിന് ചൈന ആക്കം കൂട്ടുന്നു എന്നതാണ് യാഥാർത്ഥ്യം,’ അദ്ദേഹം പറഞ്ഞു.

മിസൈലുകളും ഉക്രൈനെതിരെ അവർ ഉപയോഗിക്കുന്ന ആയുധങ്ങളും നിർമ്മിക്കുന്നതിന് റഷ്യയ്ക്ക് പ്രധാനമായ മൈക്രോ ഇലക്‌ട്രോണിക്‌സ് പോലുള്ള ധാരാളം സാങ്കേതികവിദ്യകൾ ചൈന നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാറ്റോ ചൈനക്കെതിരായ ഉപരോധം വർധിപ്പിക്കുന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ പരാമർശം.

മിസൈലുകളും ടാങ്കുകളും നിർമ്മിക്കാൻ ആവശ്യമായ ഭാഗങ്ങൾ ഉൾപ്പെടെ സൈനിക ആപ്ലിക്കേഷനുകൾക്കൊപ്പം മറ്റ് പ്രധാന സാങ്കേതികവിദ്യകളും ചൈന റഷ്യയ്ക്ക് കൈമാറുന്നുണ്ടെന്ന് സ്റ്റോൾട്ടൻബർഗ് പറഞ്ഞു. മെച്ചപ്പെട്ട സാറ്റലൈറ്റ്, ഇമേജിംഗ് സൗകര്യങ്ങൾ ബെയ്ജിങ് റഷ്യയ്ക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതെല്ലാം ഉക്രൈനിൽ കൂടുതൽ മരണവും നാശവും വരുത്താനും റഷ്യയുടെ പ്രതിരോധ-വ്യാവസായിക അടിത്തറ ശക്തിപ്പെടുത്താനും ഉതകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈന അവരുടെ നിലപാട് മാറ്റിയില്ലെങ്കിൽ ചിലപ്പോൾ ശക്തമായ ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയെ ഒറ്റപ്പെടുത്തുന്നതിനും മറ്റുമുള്ള യു.എസിന്റെയും നാറ്റോ അംഗരാജ്യങ്ങളുടെയും നിർദേശങ്ങളെ അവഗണിക്കുന്ന ചൈനയുടെ നിലപാടിനെ അദ്ദേഹം ശക്തമായി എതിർക്കുകയും ചെയ്തു.

ഈ വർഷമാദ്യം, ചൈനീസ് വിദേശകാര്യ മന്ത്രാലയം നാറ്റോയെ എല്ലായിടത്തും കുഴപ്പമുണ്ടാക്കുന്നവരെന്നും ഏഷ്യൻ കാര്യങ്ങളിൽ അമിതമായി ഇടപെടുന്നവരെന്നും ആരോപിച്ചിരുന്നു.

Content Highlight: China should be punished: NATO chief