ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റി ചൈന. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അവകാശവാദം ഉന്നയിക്കുന്നതിനിടയിലാണ് ചൈനയുടെ നീക്കം. എന്നാല്‍ ഈ നടപടി കാര്യമാക്കേണ്ടതില്ല എന്നായിരുന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പ്രതികരണം.
നാലാം തവണയാണ് അനുമതിയില്ലാതെ ഏകപക്ഷീയമായി ഇന്ത്യന്‍ അതിര്‍ത്തിയിലെ സ്ഥലങ്ങളുടെ പേരുകള്‍ ചൈന മാറ്റുന്നത്. പുതിയ പേരുകളോടെ ഈ സ്ഥലങ്ങള്‍ 2024ന്റെ അവസാനത്തോടെ ചൈനയുടെ ഔദ്യോഗിക ഭൂപടത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
‘ഞാന്‍ ഇന്ന് നിങ്ങളുടെ വീടിന്റെ പേര് മാറ്റിയാല്‍ അത് എന്റേതാകുമോ? അരുണാചല്‍ പ്രദേശ് അന്നും ഇന്നും എന്നും ഇന്ത്യയുടെ ഭാഗമാണ്. പേരുകള്‍ മാറ്റുന്നതിലൂടെ ചൈനക്ക് യാതൊരു വിധത്തിലുള്ള ഗുണവുമുണ്ടാകില്ല,’ എസ്. ജയശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചൈനയുടെ നീക്കത്തെ ഗൗരവകരമായി കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ചൈനയുടെ സിവില്‍ കാര്യ മന്ത്രാലയം ശനിയാഴ്ച സ്ഥലങ്ങളുടെ പുതിയ പേരുകളടങ്ങുന്ന പട്ടിക പുറത്തിറക്കിയതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചല്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് ചൈനയുടെ നടപടി. മോദിയുടെ സന്ദര്‍ശനത്തെ ചൈന രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
2023 ഏപ്രിലില്‍ ആണ് ഇന്ത്യയിലെ സ്ഥലങ്ങളുടെ പേരുകള്‍ അവസാനമായി ചൈന മാറ്റിയത്. അതിനുമുമ്പ് 2017 ഏപ്രിലിലും 2021 ഡിസംബറിലും ചൈന ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റിയിട്ടുണ്ട്.
Content Highlight: China has changed the names of 30 places in Arunachal Pradesh