തിരുവനന്തപുരം: മീഡിയ വണ്ണിനെതിരെയുള്ള കേന്ദ്രനടപടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തിലെ തന്റെ നിലപാട് അറിയിക്കുന്നത്.
മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണത്തിന് പൊടുന്നനെ വിലക്കേര്‍പ്പെടുത്തിയത് ഗൗരവതരമായ വിഷയമാണെന്നും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യമെന്നും പോസ്റ്റില്‍ പറയുന്നു.
മീഡിയ വണ്ണിന്റെ സംപ്രേക്ഷണം നിര്‍ത്താനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും, ഗുരുതര വിഷയമുണ്ടെങ്കില്‍ അവ പ്രത്യേകമായി പരിശോധിക്കുകയും ഭരണഘടനാനുസൃതമായ പ്രശ്നപരിഹാരം ഉണ്ടാക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണത്തിന് പൊടുന്നനെ വിലക്കേര്‍പ്പെടുത്തിയത് ഗൗരവതരമായ വിഷയമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യം. അത് തടസ്സപ്പെടാത്ത സാഹര്യമാണുണ്ടാകേണ്ടത്. വൈവിധ്യമാര്‍ന്ന അഭിപ്രായപ്രകടനങ്ങള്‍ക്കു പൊതുമണ്ഡലത്തില്‍ ഇടമുണ്ടാകണം. മറിച്ചായാല്‍ ആത്യന്തികമായി ജനാധിപത്യം തന്നെ അപകടപ്പെടും. ആ വിപത്ത് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത സമൂഹത്തില്‍ പുലരേണ്ടതുണ്ട്.
മീഡിയ വണ്ണിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിനിടയാക്കിയ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കിയതായി കാണുന്നില്ല. ഗുരുതര വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അവ പ്രത്യേകമായി പരിശോധിക്കുകയും അതില്‍ ഭരണഘടനാനുസൃതമായ പ്രശ്നപരിഹാരം ഉണ്ടാക്കുകയുമാണ് വേണ്ടത്. അനുഛേദം 19 ന്റെ ലംഘനമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും കടമയാണ്. വാ മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്തുണ്ടാകരുത്,’ മുഖ്യമന്ത്രി പോസ്റ്റില്‍ വ്യക്തമാക്കുന്നു.
നേരത്തെ കേന്ദ്രനടപടിയെ വിമര്‍ശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഡി.വൈ.എഫ്.ഐ സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.
അതേസമയം, മീഡിയ വണ്ണിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് ഹൈക്കോടതി മരവിപ്പിച്ചിരുന്നു. രണ്ട് ദിവസത്തേക്കാണ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്നായിരുന്നു മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന്‍ ഔദ്യോഗിക പേജിലൂടെ അറിയിച്ചത്. ഉത്തരവിനെതിര മീഡിയ വണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രമോദ് രാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
നേരത്തെയും മീഡിയ വണ്ണിന് സംപ്രേക്ഷണത്തിന് വിലക്ക് ഉണ്ടായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു സംപ്രേക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
2020 മാര്‍ച്ച് ആറാം തിയതിയാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് ഉത്തരവിറക്കിയത്.
ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ചാനലുകളെ 48 മണിക്കൂര്‍ വിലക്കിയതെന്നാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് അന്ന് നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
കേബിള്‍ ടി.വി നെറ്റ് വര്‍ക്ക് റെഗുലേഷന്‍ ആക്ട് ലംഘിച്ചെന്ന കാരണമായിരുന്നു നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറായ പി.ആര്‍ സുനില്‍ കലാപം നിരന്തരം റിപ്പോര്‍ട്ട് ചെയ്തെന്നാണ് എഷ്യാനെറ്റിന് അയച്ചിരിക്കുന്ന നോട്ടീസില്‍ പറഞ്ഞിരുന്നത്.