ഒരു ഫിലിം മേക്കർ ആഗ്രഹിക്കുന്ന സിനിമ സംഭവിക്കണമെങ്കിൽ ആ കാര്യത്തിൽ ശ്രദ്ധ കൊടുക്കരുത്: ചെമ്പൻ വിനോദ്
Entertainment
ഒരു ഫിലിം മേക്കർ ആഗ്രഹിക്കുന്ന സിനിമ സംഭവിക്കണമെങ്കിൽ ആ കാര്യത്തിൽ ശ്രദ്ധ കൊടുക്കരുത്: ചെമ്പൻ വിനോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th March 2024, 1:49 pm

തന്റെ വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് മലയാളികൾക്കിടയിൽ വളരെ പെട്ടെന്ന് ശ്രദ്ധ നേടിയ നടനാണ് ചെമ്പൻ വിനോദ് ജോസ്.

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നായകൻ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ മലയാള സിനിമയിൽ അരങ്ങേറുന്നത്. ശേഷം ലിജോയടക്കമുള്ള സംവിധായകരുടെ സിനിമകളിൽ വേറിട്ട വേഷ പകർച്ചകളിൽ താരം ബിഗ് സ്‌ക്രീനിൽ എത്തി.

അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾ എഴുതിയത് ചെമ്പനായിരുന്നു. ഒരു സിനിമയുടെ യഥാർത്ഥ ഉദ്ദേശം പ്രേക്ഷകരെ സന്തോഷിപ്പിക്കുകയാണെന്നും പൊളിറ്റിക്കൽ കറക്റ്റ്സിനെ കുറിച്ച് കൂടുതൽ ശ്രദ്ധിച്ചാൽ ഒരു ഫിലിം മേക്കറിന് അയാൾ ആഗ്രഹിച്ച പോലെ സിനിമയൊരുക്കാൻ കഴിയില്ലെന്നും ചെമ്പൻ പറഞ്ഞു. നിയമപ്രകാരമായ രീതിയിൽ എങ്ങനെയാണോ കഥ പറയാൻ കഴിയുക അങ്ങനെ സിനിമകൾ ചെയ്യാമെന്നും സില്ലി മോങ്ക്സ് മോളിവുഡിനോട് താരം പറഞ്ഞു.

‘ഒരു കഥയിൽ എല്ലാവരും നല്ലവരായിരിക്കില്ല. രാവിലെ എഴുന്നേറ്റ് സമൂഹത്തിനുവേണ്ടി നല്ലത് ചെയ്യാമെന്ന് പ്രാർത്ഥിക്കുന്നവരായിരിക്കില്ലല്ലോ. പല ടൈപ്പ് കഥാപാത്രങ്ങൾ ആണല്ലോ.

പലപ്പോഴും മുമ്പും പറഞ്ഞിട്ടുണ്ട്, സിനിമയെന്നു പറയുന്നത് അല്ലെങ്കിൽ സിനിമയുടെ യഥാർത്ഥ ഉദ്ദേശം എന്ന് പറയുന്നത് ജനങ്ങളെ എന്റർടൈൻ ചെയ്യിക്കുക എന്നതാണ്. കാരണം അങ്ങനെയൊരു വിനോദോപാധിയാണല്ലോ സിനിമയെന്ന് പറയുന്നത്.

അവരതിൽ സന്തോഷിച്ചോ എന്നത് മാത്രമാണ് പ്രധാന കാര്യം. അല്ലാതെ അതിലൂടെ ഒരു പൊളിറ്റിക്കൽ കറക്ട്നസും വേറേ മെസേജുകളും കൊടുക്കുന്ന ഒരു കാലഘട്ടത്തിൽ അല്ല നമ്മൾ ജീവിക്കുന്നത്. അത് തെറ്റാണ് എന്നല്ല. വളരെ നല്ല കാര്യം തന്നെയാണ്. ആളുകൾ അതിനെക്കുറിച്ച് ചിന്തിക്കുന്നതും ശ്രദ്ധ കൊടുക്കുന്നതും എല്ലാം അഭിനന്ദിക്കേണ്ട കാര്യം തന്നെയാണ്. പക്ഷെ അതിലേക്കും കൂടെ ശ്രദ്ധ കൊടുത്ത് കഴിഞ്ഞാൽ ഒരു ഫിലിം മേക്കർ വിചാരിക്കുന്ന സിനിമയോ കഥയോ സംഭവിക്കില്ല.

പ്രേക്ഷകരെ എന്റർടൈൻ ചെയ്യിപ്പിക്കുക. ഇവിടെ നിയമപ്രകാരമായ രീതിയിൽ എന്തൊക്കെയാണ് നമുക്ക് കാണിക്കാൻ പറ്റുക, പറയാൻ പറ്റുക അതിൽ നിന്നിട്ട് നമ്മൾ കഥ പറയുക,’ചെമ്പൻ വിനോദ് പറയുന്നു.

Content Highlight: Chemban Vinodh Jose Talk About Political Correctness In Cinema