'ചെരുപ്പ് കള്ളന്‍മാരാണ് പാകിസ്ഥാന്‍'; അമേരിക്കയിലെ പാകിസ്ഥാന്‍ എംബസിക്ക് മുമ്പില്‍ ഇന്ത്യന്‍ പ്രതിഷേധം
world
'ചെരുപ്പ് കള്ളന്‍മാരാണ് പാകിസ്ഥാന്‍'; അമേരിക്കയിലെ പാകിസ്ഥാന്‍ എംബസിക്ക് മുമ്പില്‍ ഇന്ത്യന്‍ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th January 2018, 11:09 am

വാഷിംഗ്ടണ്‍: പാകിസ്ഥാനെതിരെ പ്രതിഷേധവുമായി ഇന്ത്യാക്കാര്‍ അമേരിക്കയില്‍. ചെരുപ്പ് കള്ളന്‍മാരായ പാകിസ്ഥാന്‍ എന്നാണ് പ്രതിഷേധക്കാര്‍ പാകിസ്ഥാനെ വിളിച്ചത്. മുന്‍ ഇന്ത്യന്‍ നാവിക ഓഫിസറായ കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയോടും അമ്മയോടും പാക് സര്‍ക്കാര്‍ കാണിച്ച നടപടിക്കെിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധത്തിന്റെ ഭാഗമായി ശേഖരിച്ച ഷൂകള്‍ അമേരിക്കയിലെ പാക് എംബസിക്ക് നല്‍കിയാണ് അമേരിക്കകാരും ബലൂചിസ്ഥാന്‍ സ്വദേശികളുമായ പ്രതിഷേധക്കാര്‍ മടങ്ങിയത്. തങ്ങള്‍ ജാദവിനോടൊപ്പമാണെന്ന് പറഞ്ഞാണ് ഇവര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

സ്വന്തമായി ചെരുപ്പ് വാങ്ങാന്‍ കഴിവില്ലാത്തതുകൊണ്ടാണ് കുല്‍ഭൂഷണിന്റെ ഭാര്യയെകൊണ്ട് പാകിസ്ഥാന്‍ ചെരുപ്പഴിപ്പിച്ചതെന്നും അതുകൊണ്ട് പാക്‌സര്‍ക്കാരിന് ഇപ്പോള്‍ ഞങ്ങള്‍ ചെരുപ്പ് ദാനം ചെയ്തതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

ഒരുതരം ഇടുങ്ങിയ ചിന്താഗതിക്ക് അടിമകളാണ് പാകിസ്ഥാന്‍ സര്‍ക്കാരെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. ചരിത്രകാലം മുതലുള്ള വിദ്വേഷങ്ങളെ ഉപയോഗിച്ച് സമാധാനത്തെ തന്നെ തകര്‍ക്കുന്ന പാകിസ്ഥാന്‍ നടപടി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

ചാരവൃത്തിയാരോപിച്ച് പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന മുന്‍നാവികസേനാമേധാവി കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഭാര്യയേയും അമ്മയേയും പാക് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ പാക് ജയിലില്‍ കുല്‍ഭൂഷണിനെ കാണാനെത്തിയ അദ്ദേഹത്തിന്റെ ഭാര്യയുടെ ചെരുപ്പ് വരെ ഊരി പരിശോധിച്ച പാക്‌സര്‍ക്കാരിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്.

സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് ഈ നടപടിയെന്നാണ് പാക് വൃത്തങ്ങള്‍ നല്‍കിയ മറുപടി. പാകിസ്ഥാന്റെ നടപടിക്കെതിരെ ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും എതിര്‍പ്പുകള്‍ ഉയര്‍ന്നുവരികയും ചെയ്തിരുന്നു.