കോഴിക്കോടു നിന്നും വയനാട്ടിലേക്ക് പോകുന്നവരുണ്ടോ? നാടന്‍ കൈപ്പത്തിരിയും പൊരിച്ചമീനും കൂട്ടി ഉഗ്രന്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാം
Food
കോഴിക്കോടു നിന്നും വയനാട്ടിലേക്ക് പോകുന്നവരുണ്ടോ? നാടന്‍ കൈപ്പത്തിരിയും പൊരിച്ചമീനും കൂട്ടി ഉഗ്രന്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th January 2021, 6:16 pm

കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് രാവിലെകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പ്രഭാതഭക്ഷണം കഴിക്കണമെന്നിരിക്കട്ടെ, നല്ല ഭക്ഷണം കിട്ടുന്ന ഒരു സ്ഥലമായിരിക്കുമല്ലോ മിക്കവരും തിരയുക. അങ്ങനെയെങ്കില്‍ യാത്രക്കിടയില്‍ സംതൃപ്തിയോടെ ഭക്ഷണം കഴിച്ച് മടങ്ങാന്‍ കഴിയുന്ന ഒരു സ്ഥലമുണ്ട് കോഴിക്കോട് ജില്ലയിലെ തുറയില്‍ക്കാവില്‍.

കോഴിക്കോട് നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ കാരന്തൂര്‍ എന്ന സ്ഥലത്തിന് തൊട്ട്മുന്‍പാണ് തുറയില്‍ക്കാവുള്ളത്. അവിടെയെത്തിയാല്‍ തുറയില്‍ക്കാവ് ഭഗവതി ക്ഷേത്രം എന്ന കവാടത്തിന് ഉള്ളിലൂടെയുള്ള റോഡില്‍ 200 മീറ്റര്‍ അകത്തേക്ക് ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കടയെന്ന ഒരു ബോര്‍ഡ് കാണാം. ചന്ദ്രേട്ടന്റെ ചായക്കടയാണ് കഥയിലെ താരം ഒപ്പം ചൂടുള്ള നല്ല നാടന്‍ കൈപ്പത്തിരിയും മീന്‍വറുത്തതും മീഞ്ചാറും നമുക്ക് മുന്നിലേക്ക് നീട്ടുന്ന ചന്ദ്രേട്ടനും.

കേരളത്തില്‍ അധികയിടങ്ങളില്‍ കാണാന്‍ കഴിയാത്ത പാരമ്പര്യവിഭവമായ കൈപ്പത്തിരിയാണ് ചന്ദ്രേട്ടന്റെ കടയെ സവിശേഷമാക്കുന്നത്. അരിപ്പൊടിയില്‍ തിളച്ച വെള്ളമൊഴിച്ച് കുഴച്ച്, മാവ് പരുവത്തിലാക്കി ഇലയില്‍ വെച്ച് കൈകൊണ്ട് പരത്തി മണ്‍ചട്ടിയില്‍ കൈകൊണ്ട് തന്നെ ചുട്ടെടുക്കുന്ന പത്തിരിയില്‍ ചൂടുള്ള മീഞ്ചാറൊഴിച്ച് പൊരിച്ച മീനും കൂട്ടി കഴിക്കാന്‍ ചന്ദ്രേട്ടന്റെ കടയില്‍ തിരക്കായിരിക്കും.

പ്രദേശവാസികള്‍ മാത്രമല്ല ലോകത്തിന്റെ പലകോണുകളില്‍ നിന്നുള്ളവര്‍ വരെ ചന്ദ്രേട്ടന്റെ കൈപ്പത്തിരിയുടെ രുചിയറിയാന്‍ തുറയില്‍ക്കാവില്‍ എത്തിയിട്ടുണ്ട്. ലോകപ്രശസ്ത ഫുഡ് വ്‌ളോഗര്‍ മാര്‍ക്ക് വീന്‍സും, പേരറിയാത്ത തായ്‌ലന്റ് കാരനായ സഞ്ചാരിയുമെല്ലാം അതില്‍ ചിലര്‍ മാത്രം.

പ്രഭാതഭക്ഷണമായി മറ്റ് വിഭവങ്ങളൊന്നും പരീക്ഷിച്ചിട്ടില്ലെങ്കിലും ചന്ദ്രേട്ടന്റെ കടയിലെ തിരക്കിന് ഒരു കുറവുമില്ല. ഉച്ചയ്ക്ക് രണ്ട് മണിവരെയും പത്തിരിക്കായി ആവശ്യക്കാരുണ്ടാവുമെന്ന് ചന്ദ്രേട്ടന്‍ പറയുന്നു. ഉച്ചയ്ക്കുള്ള ഊണ് കടയില്‍ ലഭ്യമാണ്. ഊണിനൊപ്പം പത്തിരി കഴിക്കുന്നവരും ഇവിടുത്തെ മാത്രം കാഴ്ചയാണെന്ന് നാട്ടുകാരും പറയുന്നു.

ഭാര്യയുടെയും സഹോദരിയുടെയുടെയും മകന്റെയും സഹായത്തോടെയാണ് ചന്ദ്രട്ടന്‍ കട നടത്തുന്നത്. മീന്‍ വറുക്കാനും കറിയുണ്ടാക്കാനുമെല്ലാം രാവിലെ മുതല്‍ ചന്ദ്രേട്ടനൊപ്പം ഭാര്യയുമുണ്ടാവും. ഓലകൊണ്ട് മേഞ്ഞ കടയില്‍ ബെഞ്ചുകളും ഡെസ്‌ക്കുകളും കൂട്ടിയിട്ട് ഭക്ഷണം കഴിക്കാനെത്തുവര്‍ക്ക് മുന്നില്‍ ചന്ദ്രേട്ടന്‍ കൈപ്പത്തിരി വിളമ്പുമ്പോള്‍ പഴയകാലത്തെ രുചികളിലേക്കുള്ള ഒരു മടങ്ങിപ്പോക്കുകൂടിയാവുമത്. ചന്ദ്രേട്ടന്റെ കടയിലേക്കുള്ള ചെറിയ ഊടുവഴിയിലൂടെയുള്ള നടത്തവും പഴമയുടെ ഓര്‍മപുതുക്കല്‍ തന്നെ.

കുട്ടിക്കാലത്ത് വീട്ടില്‍ സ്ഥിരമായി ഉണ്ടാക്കുന്ന വിഭവമായിരുന്നു കൈപ്പത്തിരിയെന്നും പിന്നീട് ഒരു ഹോട്ടല്‍ തുടങ്ങുകയെന്ന ആശയം മനസ്സില്‍ വന്നപ്പോഴും കൈപ്പത്തിരിയാണ് മനസ്സില്‍ വന്നതെന്നും ചന്ദ്രേട്ടന്‍ പറയുന്നു. ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ നിങ്ങളുടെ ചുണ്ടില്‍ ഒരു ചിരിയുണ്ടാവുമെന്നും ചന്ദ്രേട്ടന്‍ ഗ്യാരണ്ടി പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chandrettante Chayakkada in between Kozhikkod and Wayanad root