മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ നടനാണ് ചന്തു സലിംകുമാര്‍. ചിത്രത്തിലെ അഭിലാഷ് എന്ന കഥാപാത്രം ചന്തുവിന് വലിയ റീച്ച് നേടിക്കൊടുത്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്മാരിലൊരാളായ സലിംകുമാറിന്റെ മകനാണ് ചന്തു. ലവ് ഇന്‍ സിംഗപ്പൂര്‍ എന്ന ചിത്രത്തില്‍ സലിംകുമാറിന്റെ ബാല്യം അവതരിപ്പിച്ചത് ചന്തുവായിരുന്നു.
സലിംകുമാറിനൊപ്പം കോമ്പിനേഷനുള്ള നടന്മാരില്‍ തന്റെ ഫേവറെറ്റിനെക്കുറിച്ച് സംസാരിക്കുകയാണ് ചന്തു. പലരും ദിലീപ്- സലിംകുമാര്‍ കോമ്പോ നല്ലതാണെന്ന് പറയുമെങ്കിലും അതിനെക്കാള്‍ തനിക്കിഷ്ടം മമ്മൂട്ടി- സലിംകുമാര്‍ കോമ്പോയാണെന്ന് ചന്തു പറഞ്ഞു. മായാവി, തൊമ്മനും മക്കളും എന്നീ സിനിമകളിലെ അവരുടെ കോമ്പോ സീനുകള്‍ താന്‍ ഇപ്പോഴും കാണാറുണ്ടെന്നും ചന്തു കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഏറ്റവും ഇഷ്ടപ്പെട്ട കോമ്പോ സലിംകുമാര്‍- കൊച്ചിന്‍ ഹനീഫ എന്നിവരുടേതാണെന്നും ചന്തു പറഞ്ഞു. ആ കോമ്പോയെ വെല്ലാന്‍ വേറെ നടന്മാരില്ലെന്നും അവര്‍ ഒരുമിച്ചുള്ള സിനിമകളെല്ലാം ഇന്നും പലരുടെയും ഫേവറെറ്റാണെന്നും ചന്തു കൂട്ടിച്ചേര്‍ത്തു. നായകന്‍ ആരായാലും അതൊന്നും കാര്യമാക്കാതെ അവര്‍ രണ്ടുപേരുമുള്ള സീനുകള്‍ എല്ലായ്‌പ്പോഴും ഗംഭീരമാകുമെന്നും ചന്തു പറഞ്ഞു.
സലിംകുമാറും കൊച്ചിന്‍ ഹനീഫയും തമ്മില്‍ നല്ല ബോണ്ടായിരുന്നെന്നും സ്‌ക്രീനില്‍ അവരുടെ ഫ്രണ്ട്ഷിപ്പിന്റെ ഇന്റിമസി കാരണമാണ് പല സീനുകളും മികച്ചതാകുന്നതെന്നും ചന്തു സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിന്‍ ഹനീഫയുടെ മരണശേഷം അദ്ദേഹത്തിന്റെ മക്കളെ കാണാന്‍ സലിംകുമാര്‍ പോയിട്ടില്ലെന്നും അവരെ ഫേസ് ചെയ്യാനുള്ള മനക്കരുത്ത് സലിംകുമാറിനില്ലെന്നും ചന്തു പറഞ്ഞു. ജാങ്കോ സ്‌പേസ് ടി.വിയോട് സംസാരിക്കുകയായിരുന്നു സലിംകുമാര്‍.
‘പലരും അച്ഛനും ദിലീപേട്ടനും തമ്മിലുള്ള കോമ്പോ അടിപൊളിയാണെന്ന് പറയുന്നത് കേള്‍ക്കാം. പക്ഷേ, എനിക്ക് അതിനെക്കാള്‍ ഇഷ്ടം അച്ഛനും മമ്മൂക്കയും തമ്മിലുള്ള കോമ്പോയാണ്. മായാവിയായാലും തൊമ്മനും മക്കളും ആയാലും അവര്‍ തമ്മിലുള്ള സീനൊക്കെ കണ്ടിരിക്കാന്‍ നല്ല രസമാണ്. അതൊക്കെ ഇപ്പോഴും ഇടയ്ക്ക് എടുത്ത് കാണാറുണ്ട്.
എന്നാലും എന്റെ ഏറ്റവും ഫേവറെറ്റായിട്ടുള്ള കോമ്പോ സലിംകുമാര്‍- കൊച്ചിന്‍ ഹനീഫ കോമ്പോയാണ്. അതിനെ വെല്ലാന്‍ വേറെ നടന്മാരില്ല എന്നാണ് എന്റെ അഭിപ്രായം. പടത്തിലെ നായകന്‍ ആരായാലും അവര്‍ അതൊന്നും നോക്കാറില്ല. അവരുടെ സീന്‍ ഗംഭീരമാക്കും. രണ്ടാളും തമ്മിലുള്ള ഫ്രണ്ട്ഷിപ്പിന്റെ ഇന്റിമസി കാരണമാണ് ആ സീനെല്ലാം ഹിറ്റാകുന്നത്. ഹനീഫിക്ക മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ മക്കളെ കാണാന്‍ അച്ഛന്‍ പോയിട്ടില്ല. അവരെ ഫേസ് ചെയ്യാനുള്ള മനക്കരുത്ത് അച്ഛന് ഇല്ല,’ ചന്തു പറഞ്ഞു.
Content Highlight: Chandhu Salimkumar about the combo of Salimkumar and Cochin Haneefa