തിരുവനന്തപുരം: കേരളത്തില്‍ ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും മലേറിയയും പടര്‍ന്നു പിടിക്കുമെന്ന് ദേശീയ രോഗപ്രതിരോധ കേന്ദ്ര (എന്‍.സി.ഡി.സി) ത്തിന്റെ മുന്നറിയിപ്പ്. പതിനഞ്ച് ദിവസത്തിനുള്ളില്‍ ചിക്കുന്‍ഗുനിയ, മലേറിയ, ഡെങ്കിപ്പനി എന്നിവ പടരാമെന്നാണ് ദേശീയ രോഗപ്രതിരോധ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
പകര്‍ച്ച വ്യാധികളുടെ കാര്യത്തില്‍ അടുത്ത മൂന്നു മാസം കേരളത്തിന് നിര്‍ണായകമാണ്. വെള്ളപ്പൊക്കം പൂര്‍ണമായും മാറാത്തതിനാല്‍ കൊതുക് പെരുകുന്നതിന് കാരണമാകും. ആരോഗ്യ വിദഗ്ദരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച് മുന്‍കരുതലുകള്‍ എടുക്കണമെന്നും ദേശീയ രോഗപ്രതിരോധ കേന്ദ്രം പറയുന്നു.
Read: മേളകള്‍ റദ്ദാക്കിയതില്‍ മന്ത്രിമാര്‍ക്ക് അതൃപ്തി: എ.കെ ബാലന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു
സംസ്ഥാനത്ത് എലിപ്പനി പടരുന്നത് ആശങ്കാജനകമാണ്. സംസ്ഥാനത്തിന് ആവശ്യമായ മുന്നറിയിപ്പുകള്‍ കേന്ദ്രം നല്‍കിയിരുന്നതായും സംസ്ഥാനം മികച്ച രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും എന്‍.സി.ഡി.സി പറയുന്നു.
എലിപ്പനി പ്രതിരോധ ഗുളികകള്‍ കഴിക്കാത്തതാണ് സ്ഥിതി ഗുരുതരമാക്കിയതെന്നും എന്‍.സി.ഡി.സി പറയുന്നു. അതേസമയം, എലിപ്പനി ചികിത്സയ്ക്കായി എന്‍.സി.ഡി.സിയുടെ 12 അംഗ വിദഗ്ധ സംഘം കേരളത്തിലെത്തിയിട്ടുണ്ട്.
ഇവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍ നടപടി തീരുമാനിക്കുമെന്ന് എന്‍.സി.ഡി.സി അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ നേരിട്ട് കൂടുതല്‍ പരിചയമുള്ള തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളുടെ സഹായം കേരളത്തിന് തേടാമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.