ദൽഹിയിൽ മെഹ്റോളി പള്ളിയിൽ തീർന്നില്ല; ഷാഹി മസ്ജിദും സുനഹ്‌രി മസ്ജിദും പൊളിക്കാൻ നീക്കവുമായി അധികൃതർ
national news
ദൽഹിയിൽ മെഹ്റോളി പള്ളിയിൽ തീർന്നില്ല; ഷാഹി മസ്ജിദും സുനഹ്‌രി മസ്ജിദും പൊളിക്കാൻ നീക്കവുമായി അധികൃതർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th February 2024, 9:49 pm

ന്യൂദൽഹി: 400 വർഷം പഴക്കമുള്ള മെഹ്റോളിയിലെ അഖൂൻജി മസ്ജിദ് അനധികൃത കയ്യേറ്റമെന്ന് ആരോപിച്ച് ദൽഹി മുനിസിപ്പൽ കൗൺസിൽ അധികൃതർ പൊളിച്ചുമാറ്റിയതിന് പിന്നാലെ ഭീഷണിയിലാണ് ഷാഹി മസ്ജിദും സുനഹ്‌രി മസ്ജിദും.

100 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ദൗല കുവാനിലെ ഷാഹി മസ്ജിദും ഖബർസ്ഥാനും മദ്രസയും പൊളിച്ചുമാറ്റുന്നതിനുള്ള സ്റ്റേ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദൽഹി വികസന അതോറിറ്റി (ഡി.ഡി.എ) ഫെബ്രുവരി 14ന് ദൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ജനവാസവും വാണിജ്യ പ്രവർത്തനങ്ങളും നിരോധിച്ച സെൻട്രൽ റിഡ്ജ് എന്ന വനമേഖലയിലാണ് പള്ളിയും മദ്രസയും സ്ഥിതി ചെയ്യുന്നതെന്നാണ് നഗര വികസന അതോറിറ്റി കോടതിയിൽ പറഞ്ഞത്.

പള്ളി പൊളിച്ചുമാറ്റാൻ ദൽഹി സർക്കാരിന്റെ മത കമ്മിറ്റി അനുവാദം നൽകിയിരുന്നതാണ് എന്നും ഡി.ഡി.എ കോടതിയെ അറിയിച്ചു.

അതേസമയം 100 വർഷത്തിലധികം പഴക്കമുള്ള ശാഹി മസ്ജിദ് പെട്ടെന്ന് എങ്ങനെയാണ് കയ്യേറ്റമായതെന്ന് പള്ളി കമ്മിറ്റിയും ഇമാമും ചോദിച്ചു.

നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികളുടെ പേരിൽ പ്രസിദ്ധമാണ് ഡൽഹി എന്നും അവയുടെ കാര്യത്തിൽ യാതൊരു തീരുമാനവും എടുക്കാത്തത് കൊണ്ട് ഡി.ഡി.എ അവ തെരഞ്ഞുപിടിച്ച് പൊളിക്കുകയാണെന്നും ഷാഹി മസ്ജിദ് അവയിലൊന്നാണെന്നും ചരിത്രകാരനായ സൊഹൈൽ ഹാഷ്മി ദി പ്രിന്റിനോട് പറഞ്ഞു.

ഷാഹി മസ്ജിദിൽ നിന്ന് 10 കി.മീ അകലത്തിലുള്ള സുനഹ്‌രി ബാഗ് മസ്ജിദിനും കഴിഞ്ഞ വർഷം ജൂലൈയിൽ ഒഴിഞ്ഞുപോകുവാനുള്ള നോട്ടീസ് ലഭിച്ചിരുന്നു.

സുനഹ്‌രി മസ്ജിദിന് സമീപമുണ്ടായിരുന്ന രണ്ട് ദർഗകൾ ഏപ്രിലിൽ അനധികൃത കയ്യേറ്റമെന്ന് ആരോപിച്ച് ഡി.ഡി.എ പൊളിച്ചുമാറ്റിയിരുന്നു. എന്നാൽ സുനഹ്‌രി ബാഗ് മസ്ജിദും ദർഗകളും റോഡിലെ നടപ്പാതകൾ വരുന്നതിനും എത്രയോ മുമ്പ് അവിടെ സ്ഥിതി ചെയ്യുന്നുണ്ടെന്ന് പള്ളി ഇമാം അബ്ദുൽ അസീസ് പറഞ്ഞു.

പള്ളി എപ്പോൾ പണിതതാണെന്ന് അറിയില്ലെങ്കിലും നിർമിതി 17ാം നൂറ്റാണ്ടിലേതിന് സമാനമാണെന്നും ചരിത്രകാരി സ്വപ്ന ലിഡിൽ പറയുന്നു.

ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിലൂടെ പ്രസിദ്ധമായ മൗലാന ഹസ്രത്ത് മോഹാനി എന്ന സ്വാതന്ത്രസമര സേനാനി സ്ഥിരമായി സന്ദർശിച്ചിരുന്ന പള്ളിയാണ് സുനഹ്‌രി മസ്ജിദെന്നും ഈ പള്ളിക്ക് സ്വാതന്ത്ര സമര പോരാട്ടവുമായി അടുത്ത ബന്ധമുണ്ടെന്നും സൊഹൈൽ ഹാഷ്മി പറഞ്ഞു.

Content Highlight: Centuries-old history on the line in Delhi—Sunehri Bagh to Shahi Masjid fear DDA bulldozers