ഹിറ്റ്‌ലറെപ്പോലെ ഗ്യാസ് ചേംബറുകള്‍ നിര്‍മിക്കുന്നതിന്റെ കുറവേ കേന്ദ്രത്തിനുള്ളൂ: രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തതില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന
national news
ഹിറ്റ്‌ലറെപ്പോലെ ഗ്യാസ് ചേംബറുകള്‍ നിര്‍മിക്കുന്നതിന്റെ കുറവേ കേന്ദ്രത്തിനുള്ളൂ: രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തതില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th June 2022, 5:54 pm

 

ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കുമെതിരെ നടക്കുന്ന ഇ.ഡി അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന.

സര്‍ക്കാര്‍ ഇന്ന് വേട്ടയാടുന്നത് രാഹുലിനേയും സോണിയയുമാണെങ്കില്‍ നാളെ അതാരുമാകാമെന്നും എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ സര്‍ക്കാറിന് ഹിറ്റലറിന്റെ ഗ്യാസ് ചേംബറുകളുടെ കുറവേയുള്ളൂവെന്നും ശിവസേന വിമര്‍ശിച്ചു.

ശിവസേനയുടെ മുഖപത്രമായ ‘സാംന’യുടെ എഡിറ്റോറിയലിലൂടെയായിരുന്നു വിമര്‍ശനം.

ജവഹര്‍ലാല്‍ നെഹ്റുവിന്റെയും മകള്‍ ഇന്ദിരാഗാന്ധിയുടെയും ഓര്‍മകള്‍ മായ്ച്ചുകളയാന്‍ മാത്രമല്ല, അവരുടെ പരമ്പരയുടെ സാധ്യത ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി.

‘രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിലൂടെ ആ വ്യക്തി എത്ര ശക്തനാണെങ്കിലും ‘ആരുടെയും കോളറില്‍ പിടിക്കാന്‍’ കഴിയുമെന്ന് കാണിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇന്ന് അത് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമാണ്. നാളെ അത് ആരുമാകാം.’എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ ഹിറ്റ്ലര്‍ നിര്‍മിച്ച വിഷവാതക അറകള്‍ നിര്‍മിക്കുന്നതില്‍ സര്‍ക്കാരിന് കുറവേയുള്ളൂ, പിന്നെ എങ്ങനെ നിയമ സമത്വം ഉണ്ടാകും,’ ശിവസേന ചോദിച്ചു.

മുന്‍ മഹാരാഷ്ട്ര മന്ത്രി അനില്‍ ദേശ്മുഖ്, മന്ത്രി നവാബ് മാലിക് (ഇരുവരും ജയിലില്‍), അഭിഷേക് ബാനര്‍ജി, സഞ്ജയ് റാവത്ത്, അനില്‍ പരാബ് (ശിവസേനാ നേതാക്കള്‍), ലാലുപ്രസാദ് യാദവ് എന്നിവരെ നോട്ടമിടുകയാണ് ഇ.ഡിയുടെ ഏകജോലിയെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി.

അതേസമയം നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ഇന്നലെയും ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ഇ.ഡിക്ക് മുമ്പാകെ ഹാജരായിരുന്നു.

Content Highlights: Centre Only Short Of Constructing Gas Chambers Like Hitler, Shiv Sena