ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസുകളില്‍ കേന്ദ്രസര്‍ക്കാരിനെ കക്ഷി ചേര്‍ക്കണം: വനിത കമ്മീഷന്‍
Kerala News
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസുകളില്‍ കേന്ദ്രസര്‍ക്കാരിനെ കക്ഷി ചേര്‍ക്കണം: വനിത കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th October 2024, 5:31 pm

കൊച്ചി: ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസുകളില്‍ കേന്ദ്ര സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്ന് വനിത  കമ്മീഷന്‍. പോഷ് നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിന് ഈ കേസില്‍ ഇപെടുന്നതിന് പരിമിതി ഉണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു. സിനിമാ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സമിതികള്‍ക്ക് നിയമസാധുതയില്ലെന്നും കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ച് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ലൈംഗിക അതിക്രമ നിയമത്തില്‍ കേന്ദ്രം ആവശ്യമായ മാറ്റം വരുത്തേണ്ടത് ആവശ്യമാണെന്നും പോഷ് നിയമത്തിലും ഇത്തരത്തില്‍ മാറ്റം വരുത്തണമെന്നും സ്ത്യവാങ്മൂലത്തില്‍ കമ്മീഷന്‍ പറഞ്ഞു. അതിനായി കേന്ദ ഇടപെടല്‍ വേണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിന് പുറമെ സിനിമകളില്‍ സ്ത്രീകളെ ചിത്രീകരിക്കുന്നത് ഭരണഘടന അനുസൃതമാക്കി മാറ്റണമെന്നും കമ്മീഷന്‍ പറഞ്ഞു. ഇത് ചലച്ചിത്ര നയത്തിന്റെ ഭാഗമാക്കി തീര്‍ക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരും സി.എസ് സുധയും അധ്യക്ഷരായ ബെഞ്ചാണ് ഇക്കാര്യം പരിഗണിച്ചത്. ഇതിന് പുറമെ ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട നിരവധി കേസുകളും കോടതി ഇന്ന് പരിഗണിച്ചിരുന്നു.

ലൊക്കേഷനിലെ ലഹരി ഉപയോഗം അന്വേഷിക്കാനും പ്രത്യേക ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. ലൊക്കേഷനുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ നിയമനടപടികളുമായി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.

മൊഴി രേഖപ്പെടുത്തിയവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെങ്കില്‍ നിര്‍ബന്ധിക്കരുതെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. വിവരങ്ങള്‍ ലഭിച്ചാല്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് കോടതിയുടെ പരാമര്‍ശം.

Content Highlight: Central Government to be made a party in High Court cases related to Hema Committee; Women’s Commission