നമീബിയ, ദക്ഷിണാഫ്രിക്ക ഇനം ചീറ്റകള്‍ ചത്തൊടുങ്ങി, ഇനി കെനിയയില്‍ നിന്ന്; വീണ്ടും ചീറ്റ പ്രൊജക്ടുമായി കേന്ദ്രസര്‍ക്കാര്‍
national news
നമീബിയ, ദക്ഷിണാഫ്രിക്ക ഇനം ചീറ്റകള്‍ ചത്തൊടുങ്ങി, ഇനി കെനിയയില്‍ നിന്ന്; വീണ്ടും ചീറ്റ പ്രൊജക്ടുമായി കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th May 2024, 10:55 am

ന്യൂദല്‍ഹി: നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും കൊണ്ടുവന്ന ചീറ്റകള്‍ ഇന്ത്യന്‍ കാലാവസ്ഥയുമായി അതിജീവിക്കാന്‍ കഴിയാതെ ചത്തൊടുങ്ങിയതിന് പിന്നാലെ പുതിയ ചീറ്റ പ്രൊജക്ടുമായി കേന്ദ്രസര്‍ക്കാര്‍. ഇത്തവണ കെനിയയില്‍ നിന്ന് ചീറ്റകളെ എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് കെനിയന്‍ സര്‍ക്കാറുമായി ചര്‍ച്ചകള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ച ഏഴ് ചീറ്റകള്‍ ചത്തിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് കെനിയയില്‍ നിന്ന് പുതിയ ഇനം ചീറ്റകളെ എത്തിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്. ഇതിനായി മധ്യപ്രദേശിലെ ഗാന്ധിസാഗര്‍, നൗരദേഹി എന്നീ വന്യജീവി സങ്കേതങ്ങളില്‍ 80 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് വേലികെട്ടുന്നതുള്‍പ്പടെയുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

അസിനോനിക്‌സ് ജുബാറ്റസ് റൈനോയ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കിഴക്കന്‍ ആഫ്രിക്കന്‍ ഇനത്തില്‍ പെട്ട ചീറ്റകളെയാണ് ഇത്തവണ ഇന്ത്യയില്‍ എത്തിക്കുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയില്‍ നിന്നും നമീബിയയില്‍ നിന്നും എത്തിച്ച ഇനങ്ങളില്‍ നിന്നും വ്യത്യസ്തതയുള്ള ഇനങ്ങളാണ് ഇവ.

പുതുതായി ഇന്ത്യയില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്ന ചീറ്റകള്‍ക്കും ഇന്ത്യന്‍ കാലാവസ്ഥയില്‍ അതിജീവിക്കാന്‍ കഴിയുമോ എന്ന ആശങ്ക വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇന്ത്യന്‍ കാലവസ്ഥയുമായി അതീജിവിക്കാനും ഇന്ത്യയിലേക്ക് കൊണ്ടുവരാനും മറ്റെല്ലാ ഇനങ്ങളേക്കാളും അനുയോജ്യമായവയായിരുന്നു ദക്ഷിണാഫ്രിക്ക, നമീബിയ ഇനങ്ങള്‍. എന്നാല്‍ അവക്കു തന്നെ അതിജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കെനിയയില്‍ നിന്ന് കൊണ്ടുവരുന്ന ഇനങ്ങളുടെ കാര്യത്തിലുള്ള ആശങ്ക അധികൃതര്‍ക്കുണ്ട്.

മാത്രവുമല്ല കുനോ നാഷണല്‍ പാര്‍ക്കിലെ നിലവിലുള്ള ചീറ്റകളുമായി പുതിയതായി എത്തിക്കുന്ന ചീറ്റകള്‍ അതീജീവിക്കുമോ എന്ന ആശങ്കയും അധികൃതര്‍ മുന്നോട്ട് വെക്കുന്നുണ്ട്. കെനിയയില്‍ 2400 ചതുരശ്രകിലോമീറ്റര്‍ സ്ഥലത്ത് ആകെയുള്ളത് 18 മുതല്‍ 24 വരെ ചീറ്റകളാണ്. എന്നാല്‍ കുനോ നാഷണല്‍ പാര്‍ക്കിന്റെ ആകെ വിസ്തീര്‍ണം 750 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്.

ഇക്കാരണത്താല്‍ രണ്ട് വ്യത്യസ്ത ഇനം ചീറ്റകള്‍ തമ്മില്‍ കൂടിക്കലരാനുള്ള സാധ്യതയുണ്ട് എന്ന ആശങ്കയും അധികൃതര്‍ മുന്നോട്ട് വെക്കുന്നു. കുനോയില്‍ നിന്നുള്ള ചീറ്റകള്‍ സമാനമായ ഭൂപ്രകൃതിയിലൂടെ സഞ്ചരിച്ച് മധ്യപ്രദേശിന്റെ മറ്റു ഭാഗങ്ങളിലെത്തുമെന്നും ആശങ്കയുണ്ട്.

content highlights: Central government again with cheetah project