ന്യൂദല്‍ഹി: ആര്‍.ബി.ഐയില്‍ അധികാരം സ്ഥാപിച്ച് അതിന്റെ ധനശേഖരം കയ്യടക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് മുന്‍ ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. സമീപകാലത്ത് ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പുകമറയാണെന്നും അദ്ദേഹം ആരോപിച്ചു.
തിങ്കളാഴ്ച നടക്കാനിരിക്കുന്ന ആര്‍.ബി.ഐ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ കൂടിക്കാഴ്ച ഇന്ത്യന്‍ സമ്പദ്ഘടനയുടേയും ആര്‍.ബി.ഐയുടെ പരമാധികാരത്തിന്റെയും അന്ത്യദിനം ആയിരിക്കുമെന്ന് ചിദംബരം ട്വിറ്ററില്‍ കുറിച്ചു. “ലോകത്തെവിടെയും കേന്ദ്ര ബാങ്ക് ബോര്‍ഡ് നിയന്ത്രിത കമ്പനിയല്ല. സ്വകാര്യ ബിസിനസ്സുകാര്‍ ആര്‍.ബി.ഐ ഗവര്‍ണ്ണറെ നിയന്ത്രിക്കുക എന്ന് പറയുന്നത് ബുദ്ധിക്ക് നിരക്കാത്ത ആശയമാണ്”- ചിദംബരം തന്റെ മറ്റൊരു ട്വീറ്റില്‍ പറയുന്നു.
സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ ഗവര്‍ണ്ണര്‍ ഉര്‍ജിത് പട്ടേല്‍ തള്ളിക്കളയുകയാണെങ്കില്‍ ആര്‍.ബി.ഐക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കാന്‍ അധികാരം നല്‍കുന്ന ആര്‍.ബി.ഐ ആക്ടിന്റെ സെക്ഷന്‍ 7 കേന്ദ്രം നടപ്പില്‍ വരുത്തുമെന്ന് മുമ്പ് ചിദംബരം പറഞ്ഞിരുന്നു. ആര്‍.ബി.ഐ ബോര്‍ഡില്‍ കേന്ദ്രത്തിന് താല്‍പര്യമുള്ള വ്യക്തികളെ തിരുകിക്കയറ്റിയിരിക്കുകയാണെന്നും നാളെ നടക്കാനിരിക്കുന്ന കൂടിക്കാഴ്ച എന്തു വിലകൊടുത്തും തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ചിദംബരം പറഞ്ഞു.
Nowhere in the world is the central bank a Board-managed Company. To suggest that private business persons will direct the Governor is a preposterous idea
— P. Chidambaram (@PChidambaram_IN) November 17, 2018
ആര്‍.ബി.ഐയുടെ സ്വതന്ത്ര്യമായ പ്രവര്‍ത്തനാധികാരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളെ വിമര്‍ശിച്ച് ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ രംഗത്തെത്തിയതോടെയാണ് ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധം വഷളായത്. തെരഞ്ഞെടുപ്പോടനുബന്ധിച്ച് വോട്ടുകള്‍ ലക്ഷ്യമിട്ട് ബി.ജെ.പി ആര്‍.ബി.ഐയെ കരുവാക്കുകയാണെന്ന വ്യാപകം പ്രതിഷേധവും ഉയര്‍ന്നിരുന്നു.
കേന്ദ്രസര്‍ക്കാരും ആര്‍.ബി.ഐയും തമ്മിലുള്ള പോരുകള്‍ക്കിടെ ആര്‍.ബി.ഐ ഗവര്‍ണ്ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. നാളെ നടക്കുന്ന മീറ്റിങ്ങില്‍ ഉര്‍ജിത് പട്ടേല്‍ രാജി സമര്‍പ്പിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.