ബാലഭാസ്‌ക്കറിന്റെ മരണം; കലാഭവന്‍ സോബിയേയും പ്രകാശന്‍ തമ്പിയേയും നുണപരിശോധന നടത്താനൊരുങ്ങി സി.ബി.ഐ
Kerala
ബാലഭാസ്‌ക്കറിന്റെ മരണം; കലാഭവന്‍ സോബിയേയും പ്രകാശന്‍ തമ്പിയേയും നുണപരിശോധന നടത്താനൊരുങ്ങി സി.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th August 2020, 10:36 am

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദൃക്‌സാക്ഷിയായ കലാഭവന്‍ സോബിയേയും ബാലഭാസ്‌ക്കറിന്റെ മാനേജരും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശന്‍ തമ്പിയേയും നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സി.ബി.ഐ തീരുമാനം.

കൊച്ചിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നുണപരിശോധനയ്ക്കായുള്ള അപേക്ഷ സി.ബി.ഐ സമര്‍പ്പിക്കും.

അപകടം നടന്ന സ്ഥലത്ത് കലാഭവന്‍ സോബിയെ കൊണ്ടുപോയി സി.ബി.ഐ കഴിഞ്ഞ ദിവസം തെളിവെടുപ്പു നടത്തിയിരുന്നു. സോബിയുടെ വിശദമായ മൊഴിയും സി.ബി.ഐ എടുത്തിരുന്നു.

എന്നാല്‍ സോബിയുടെ ചില വെളിപ്പെടുത്തലുകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് സി.ബി.ഐയുടെ നിഗമനം. അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള വീട്ടുകാരുടെ മൊഴി സി.ബി.ഐ എടുത്തിരുന്നു. നടന്നത് അപകടം തന്നെയാണെന്നും പുറത്തുനിന്നുള്ള ഇടപെടല്‍ അതിലില്ലെന്നുമാണ് സി.ബി.ഐയുടെ പ്രാഥമിക നിഗമനം. ഇത്തരമൊരു സാഹചര്യത്തിലാണ് സോബിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സി.ബി.ഐ തീരുമാനിക്കുന്നത്. കോടതിയുടെ അനുമതിയോടെ നുണപരിശോധനയ്ക്ക് വിധേയമാക്കാനാണ് സി.ബി.ഐ തീരുമാനം.

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതിയുമായ പ്രകാശ് തമ്പിയെയും കഴിഞ്ഞ ദിവസം സി.ബി.ഐ വിശദമായി ചോദ്യം ചെയ്തിരുന്നു.

അപകടം നടന്ന ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ബാലഭാസക്കറും ഡ്രൈവറും കടയില്‍ക്കയറി ജ്യൂസ് കുടിച്ചിരുന്നു. എന്നാല്‍ അപകടത്തിനു ശേഷം കടയിലെ സി.സി ടിവി ദൃശ്യങ്ങള്‍ പ്രകാശന്‍ തമ്പി ശേഖരിച്ചിരുന്നു. ഇത് എന്തിന് വേണ്ടിയായിരുന്ന ചോദ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

മാത്രമല്ല അപകടം നടന്ന ദിവസം രാത്രി തന്നെ യാത്ര പുറപ്പെട്ടത് പ്രകാശന്‍ തമ്പിയുടെ നിര്‍ദേശ പ്രകാരമായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതുപ്രകാരമല്ല യാത്ര നേരത്തെയാക്കിയതെന്നും ഒരു ചിത്രത്തിന്റെ ജോലി പെട്ടെന്ന് പൂര്‍ത്തിയാക്കാനുള്ളതുകൊണ്ടാണ് ബാലഭാസ്‌ക്കര്‍ തിടുക്കത്തില്‍ മടങ്ങിയതെന്നുമായിരുന്നു പ്രകാശന്‍ തമ്പി മൊഴി നല്‍കിയത്. സിസി ടിവി ദൃശ്യം താന്‍ ശേഖരിച്ചത് ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ ആവശ്യപ്പെട്ടിട്ടാണെന്നും സോബി മൊഴി നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight; cbi plans polygraph test for kalabhavan sobi and prakashan-thampi