പരീക്ഷ നടക്കുന്നതിനിടെ കത്തോലിക്കാസഭാ സ്‌കൂളിന് നേരെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ കല്ലേറ്; വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനം ചെയ്യുന്നെന്ന് ആരോപണം
national news
പരീക്ഷ നടക്കുന്നതിനിടെ കത്തോലിക്കാസഭാ സ്‌കൂളിന് നേരെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ കല്ലേറ്; വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനം ചെയ്യുന്നെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th December 2021, 8:24 am

വിദിഷ: മധ്യപ്രദേശിലെ വിദിഷയില്‍ കത്തോലിക്കാ സഭയുടെ സ്‌കൂളിന് നേരെ സംഘപരിവാര്‍ സംഘടനയായ ബജ്‌രംഗ്ദളിന്റെ ആക്രമണം. വിദിഷ ജില്ലയില്‍ ഗഞ്ച് ബസോഡയിലെ സെന്റ് ജോസഫ് സ്‌കൂളിന് നേരെയായിരുന്നു ആക്രമണം.

സ്‌കൂളിന്റെ മാനേജ്‌മെന്റ് മതപരിവര്‍ത്തനം നടത്തുന്നെന്ന് ആരോപിച്ച് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരടങ്ങിയ നൂറുകണക്കിന് അക്രമികള്‍ സ്‌കൂളിലേയ്ക്ക് അതിക്രമിച്ച് കയറുകയും കെട്ടിടത്തിന് നേരെ കല്ലെറിയുകയുമായിരുന്നു.

തിങ്കളാഴ്ചയായിരുന്നു സംഭവം. ക്രിസ്ത്യന്‍ മിഷനറി നടത്തുന്ന സ്ഥാപനമായ സ്‌കൂളിന്റെ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനം ചെയ്യുന്നു എന്നായിരുന്നു ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആരോപിച്ചത്.

ഉച്ചയ്ക്ക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടക്കുന്ന സമയത്തായിരുന്നു ആക്രമണം. സകൂളിലെ എട്ടോളം വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് മതപരിവര്‍ത്തനം നടത്തി എന്ന് സമൂഹമാധ്യമങ്ങളിലും പ്രചരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

മാനേജ്‌മെന്റിന് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് വലിയ ജനക്കൂട്ടം സ്‌കൂളിന് മുന്നില്‍ തടിച്ച് കൂടിയതിന്റെ മൊബൈല്‍ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളും സ്‌കൂളിലെ മറ്റ് ജോലിക്കാരും പരിക്കുകളില്ലാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.


ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഒരു പ്രാദേശിക മാധ്യമം വഴി മുന്നേ ലഭിച്ചിരുന്നതായി സ്‌കൂളിന്റെ മാനേജര്‍ ബ്രദര്‍ ആന്റണി പറഞ്ഞു. മാനേജ്‌മെന്റ് അറിയിച്ചത് പ്രകാരം പൊലീസും സംഭവസമയത്ത് സ്‌കൂളിലുണ്ടായിരുന്നു. എന്നാല്‍ പൊലീസ് വേണ്ടവിധം സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നും മാനേജ്‌മെന്റ് പരാതിപ്പെട്ടു.

സ്‌കൂള്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനം നടത്തുന്നെന്ന ആരോപണത്തെയും ബ്രദര്‍ ആന്റണി നിഷേധിച്ചു. പരിവര്‍ത്തനം നടത്തി എന്ന് പറയുന്ന എട്ട് വിദ്യാര്‍ത്ഥികള്‍ സെന്റ് ജോസഫ് സ്‌കൂളിലെ കുട്ടികളല്ലെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തെത്തുടര്‍ന്ന് പ്രദേശത്തെ മറ്റ് മിഷനറി സ്‌കൂളുകളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മതപരിവര്‍ത്തനം നടന്നെന്ന ആരോപണത്തിന്മേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് റോഷന്‍ റായ് അറിയിച്ചു. സംഭവത്തില്‍ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Catholic school in Madhya pradesh vandalised by Bajrang Dal workers