രാജ്യത്തെ ജയിലുകളില്‍ ജാതി വിവേചനം; സുപ്രീം കോടതി നാളെ വിധി പ്രഖ്യാപിക്കും
national news
രാജ്യത്തെ ജയിലുകളില്‍ ജാതി വിവേചനം; സുപ്രീം കോടതി നാളെ വിധി പ്രഖ്യാപിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd October 2024, 3:07 pm

ന്യൂദല്‍ഹി: രാജ്യത്തെ ജയിലുകളില്‍ നടക്കുന്ന ജാതി അധിഷ്ഠിത വിവേചനത്തിനെതിരെയുള്ള വിധി വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് സുപ്രീം കോടതി. രാജ്യത്തെ ജയിലുകളില്‍ ജാതി അധിഷ്ഠിതമായ വിവേചനം നടക്കുന്നുണ്ടെന്ന് കാണിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിധി പ്രഖ്യാപിക്കുക.

ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം പൊതുതാത്പര്യാര്‍ത്ഥമാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ജാതി വിവേചനം ജയിലിലും നടക്കുന്നുണ്ടെന്ന് കോടതിയുടെ ശ്രദ്ധയില്‍ പെടുത്താനാണ് ഇത്തരത്തിലൊരു ഹരജി നല്‍കിയതെന്നും അപേക്ഷയില്‍ പറയുന്നു.

രാജ്യത്തെ ചില സംസ്ഥാനങ്ങളിലെ ജയില്‍ മാനുവലില്‍ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയായിരുന്നു. തടവുകാരോട് ജാതിയുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നുവെന്നും അവര്‍ക്ക് താമസിക്കാനുള്ള സ്ഥലങ്ങള്‍ നിശ്ചയിക്കുന്നത് ജാതി അടിസ്ഥാനത്തിലാണെന്നും ഹരജിയില്‍ പറയുന്നു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിക്കുക എന്നാണ് സുപ്രീം കോടതി വെബ്‌സൈറ്റില്‍ അറിയിച്ചിരിക്കുന്നത്.

ഈ ഹരജിയുമായി ബന്ധപ്പെട്ട് രാജ്യത്തെ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ നിന്നുമാണ് സുപ്രീം കോടതി വിശദീകരണം തേടിയത്.

പല സംസ്ഥാനത്തെ ജയിലുകളിലും തടവുകാരുടെ ജോലി നിര്‍ണയിക്കുന്നതിലും ജാതി വിവേചനം കാണിക്കുന്നതായും ഹരജിക്കാരന്റെ വാദത്തില്‍ പറഞ്ഞിരുന്നു.

കേരളത്തിലെ ജയില്‍ ചട്ടത്തെയും ഹരജിയില്‍ പരാമര്‍ശിച്ചിരുന്നു. സ്ഥിരം കുറ്റവാളികള്‍, സ്ഥിരം കവര്‍ച്ചക്കാര്‍, വീട് തകര്‍ക്കുന്നവര്‍, കള്ളന്‍ എന്നിങ്ങനെയാണ് കേരളത്തിലെ ജയില്‍ ചട്ടത്തില്‍ തരംതിരിക്കുന്നതെന്നും ഹരജിയിലെ പരാമര്‍ശം.

എന്നാല്‍ പശ്ചിമബംഗാളിലെ ജയില്‍ ചട്ടത്തില്‍ ജാതി അനുസരിച്ചാണ് തടവുകാര്‍ക്ക് ജയിലില്‍ ജോലി നിശ്ചയിച്ചിരിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു. ഉയര്‍ന്ന ജാതിയിലുള്ളവര്‍ക്ക് പാചകവും താഴ്ന്ന ജാതിയിലുള്ളവര്‍ക്ക് വൃത്തിയാക്കല്‍ പോലുള്ള മറ്റ് ജോലികളുമാണ് നല്‍കുന്നതെന്നും ഇതില്‍ പറയുന്നുണ്ട്.

ഹരജിയില്‍ പറയുന്ന ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മാതൃകാ ജയില്‍ മാനുവല്‍ പ്രകാരം സംസ്ഥാനങ്ങളിലെ ജയില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ജാതി വിവേചനം തുടരുന്നുണ്ടെന്ന ഹരജിയിലെ പ്രസ്താവനയും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

Content Highlight: caste discrimination in the prisons in india; the Supreme court will announce its verdict tomorrow