അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിയെ പ്രശംസ കൊണ്ടുമൂടി ബ്രസീല്‍ മധ്യനിര താരം കാസെമിറോ. മെസി ഫുട്‌ബോളില്‍ ഒരു യുഗം തന്നെ സൃഷ്ടിച്ചെന്നും മെസിക്കെതിരെ കളിക്കുന്നത് എന്നും സന്തോഷം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ ജേണലിസ്റ്റ് ലൂയീസ് ഫിലിപ് കാസ്ട്രോക്ക് നല്‍കിയ അഭിമുഖത്തിലാണ് കാസെമിറോ ഇക്കാര്യം പറഞ്ഞത്.
‘മെസി ഒരു യുഗം തന്നെ സൃഷ്ടിച്ചിരുന്നു. എപ്പോഴും അദ്ദേഹം ബാഴ്‌സലോണക്കും അര്‍ജന്റീനക്കുമായി മത്സരബുദ്ധിയോടെ കളിച്ചു. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ആരും തന്നെ മെസിയെയും ഇഷ്ടപ്പെടും. അദ്ദേഹത്തിനെതിരെ കളിക്കുന്നത് തന്നെ സന്തോഷമായിരുന്നു. ഒരാളെ കുറിച്ച് അഭിപ്രായമൊന്നും പറയാതെ അഭിനന്ദിക്കാന്‍ മാത്രം സാധിക്കുമെങ്കില്‍, മെസി അത്തരത്തിലുള്ള താരമാണ്,’ കാസെമിറോ പറഞ്ഞു.
തന്റെ തലമുറയിലെ ഏറ്റവും മികച്ച താരങ്ങളെ കുറിച്ചും കാസെമിറോ അഭിമുഖത്തില്‍ സംസാരിച്ചു.
മെസിക്കും റൊണാള്‍ഡോക്കുമൊപ്പം ബ്രസീലിയന്‍ നാഷണല്‍ ടീമിലെ തന്റെ സഹതാരമായ നെയ്മറിനെയാണ് കാസെമിറോ തെരഞ്ഞെടുത്തിരിക്കുന്നത്.
പെലെയുടെയും മറഡോണയുടെയും മത്സരം താനിതുവരെ കണ്ടിട്ടില്ലെന്നും അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.
‘പെലെയും മറഡോണയുടെയും മത്സരം കാണാന്‍ എനിക്ക് അവസരമുണ്ടായിട്ടില്ല, പക്ഷേ എന്റെ തലമുറയിലെ ഏറ്റവും മികച്ച താരങ്ങളായ മെസി, ക്രിസ്റ്റ്യാനോ, നെയ്മര്‍ എന്നിവരുടെ മത്സരങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്,’ കാസെമിറോ പറഞ്ഞു.
മെസിക്കൊപ്പം ഒരു ടീമില്‍ പന്ത് തട്ടാന്‍ സാധിച്ചിരുന്നില്ലെങ്കിലും പല തവണ നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കാന്‍ ഇരുവര്‍ക്കും അവസരം ലഭിച്ചിരുന്നു. ബ്രസീല്‍-അര്‍ജന്റീന മത്സരങ്ങളിലും ബാഴ്‌സലോണ-റയല്‍ മത്സരങ്ങളിലുമായി 20 തവണയാണ് മെസിയും കാസിയും നേര്‍ക്കുനേര്‍ വന്നത്.
മെസി-കാസെമിറോ ക്ലാഷില്‍ എട്ട് തവണ മെസിയും സംഘവും വിജയിച്ചപ്പോള്‍ അത്രതന്നെ മത്സരത്തില്‍ കാസെമിറോയും ടീമും വിജയിച്ചു. നാല് മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തിരുന്നു.