national news
മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്ന കേസില്‍ ആറ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; പ്രതികള്‍ ഒളിവിലെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Feb 17, 05:47 am
Friday, 17th February 2023, 11:17 am

ന്യൂദല്‍ഹി: ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയ ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.

ഹരിയാനയിലെ ലുഹാരു ജില്ലയിലാണ് രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശികളായ ജുനൈദ്, നാസിര്‍ എന്നിവരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഡി.എന്‍.എ പരിശോധന അടക്കമുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അന്വേഷണം ആരംഭിച്ചെന്നും രാജസ്ഥാന്‍ പൊലീസ് അറിയിച്ചു.

പശു സംരക്ഷകനെന്ന് സ്വയം പ്രഖ്യാപിച്ച മോനു മനേസര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ മോഹിത് യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

കയ്യും കാലും തല്ലിയൊടിച്ച് വാഹനം ഹരിയാനയിലെത്തിച്ച് ജീവനോടെ മുസ്‌ലിം യുവാക്കളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കത്തിക്കുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി. എന്നാല്‍ സംഭവം നടന്ന ഹരിയാനയിലെ പൊലീസ് വിഷയത്തില്‍ നടപടിയെടുക്കുന്നില്ലെന്ന പരാതിയുണ്ട്.

കഴിഞ്ഞ ദിവസമാണ് മുസ്‌ലിം യുവാക്കളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവരെ കാണാതായിരുന്നു.

ഹരിയാനയില്‍ കത്തിക്കരിഞ്ഞ നിലയില്‍ വാഹനം കണ്ടെത്തിയതായി ഐ.ജി ഗൗരവ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പശുക്കടത്തുകാരായ രണ്ടുപേര്‍ സഞ്ചരിച്ച വാഹനം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.