ഗുവാഹത്തി: അസം-മിസോറാം അതിര്‍ത്തിയില്‍ വെടിവെപ്പും സംഘര്‍ഷവും ശക്തമായതിനെ തുടര്‍ന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മക്കെതിരെ കേസെടുത്ത് മിസോറാം പൊലീസ്.
തിങ്കളാഴ്ച അസം-മിസോറാം പൊലീസുകാര്‍ തമ്മില്‍ നടന്ന വെടിവെപ്പില്‍ ആറ് അസം ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിലാണ് അസം മുഖ്യമന്ത്രിക്കെതിരെ മിസോറാം പൊലീസ് കേസെടുത്തിരിക്കുന്നത്.
വധശ്രമമുള്‍പ്പടെയുള്ള വകുപ്പുകളാണ് അസം മുഖ്യമന്ത്രിക്കും അസം പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ മിസോറാം പൊലീസ് ചുമത്തിയിരിക്കുന്നത്. പേരറിയാത്ത 200 പൊലീസുകാരും കേസില്‍ പ്രതിസ്ഥാനത്തുണ്ട്.
അസമുമായി അതിര്‍ത്തി പങ്കിടുന്ന മിസോറാമിലെ കൊലാസിബ് ജില്ലയുടെ പരിധിയില്‍ വരുന്ന വൈറംഗ്‌ട്ടേ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസിലുള്‍പ്പെട്ട ആറ് അസം ഉദ്യോഗസ്ഥരോട് ഓഗസ്റ്റ് ഒന്നിന് വൈറംഗ്‌ട്ടേ സ്റ്റേഷനില്‍ ഹാജരാകണമെന്നും മിസോറാം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം തിങ്കളാഴ്ച നടന്ന സംഘര്‍ഷത്തിന്റെ ഭാഗമായി മിസോറാം ഉദ്യോഗസ്ഥരോടും രാജ്യസഭ എം.പി കെ. വന്‍ലാല്‍വേനെയോടും ന്യൂദല്‍ഹിയില്‍ ഹാജരാകണമെന്ന് അസം പൊലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആഗസ്റ്റ് ഒന്നിന് ഹാജരാകണമെന്നാണ് ഇവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നത്.
സംഘര്‍ഷത്തില്‍ അനുനയ ചര്‍ച്ചകള്‍ക്ക് ഇരു സംസ്ഥാനങ്ങളും തയ്യാറല്ലെന്നാണ് പുതിയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്.
വര്‍ഷങ്ങളായി അസം – മിസോറാം അതിര്‍ത്തി സംഘര്‍ഷം തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ ആഴ്ചയിലാണ് കാര്യങ്ങള്‍ പൊലീസ് സേനകള്‍ തമ്മിലുള്ള അക്രമത്തിലേക്ക് കടന്നത്.
തിങ്കളാഴ്ച അസം-മിസോറാം അതിര്‍ത്തി ജില്ലകള്‍ തമ്മില്‍ സംഘര്‍ഷം നടക്കുകയായിരുന്നു. അസമിലെ കച്ചാര്‍ ജില്ലയിലും മിസോറാമില കൊലാസിബ് ജില്ലയിലുമായി കിടക്കുന്ന തര്‍ക്കഭൂമിയില്‍ മിസോറാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്നായിരുന്നു തര്‍ക്കവും പിന്നീട് അക്രമസംഭവങ്ങളും നടന്നത്.
ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇടപെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് ഇപ്പോള്‍ സംഘര്‍ഷങ്ങള്‍ക്ക് അവസാനമായിട്ടുണ്ട്.
എന്നാല്‍ തര്‍ക്കം തുടരുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും അക്രമസംഭവങ്ങള്‍ നടക്കാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രതയിലാണ് സര്‍ക്കാരുകള്‍. പ്രദേശത്ത് കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.