Advertisement
Football
'സ്‌കോര്‍ ചെയ്യാനായില്ലെങ്കിലും അവന്‍ തന്നെയായിരുന്നു മാച്ചില്‍ സ്റ്റാര്‍'; തോല്‍വിക്ക് പിന്നാലെ ആന്‍സലോട്ടി
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jul 30, 01:20 pm
Sunday, 30th July 2023, 6:50 pm

കഴിഞ്ഞ ദിവസം നടന്ന പ്രീ സീസണ്‍ സൗഹൃദ മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ബാഴ്സലോണക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ലോസ് ബ്ലാങ്കോസിന്റെ പരാജയം. മത്സരത്തില്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിക്കും സംഘത്തിനും മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍, മത്സരത്തിന് ശേഷം വിനീഷ്യസിനെ പ്രശംസിച്ചിരിക്കുകയാണ് റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി. മോഡ്രിച്ചിന്റെ അഭാവത്തിലാണ് വിനീഷ്യസ് പെനാല്‍ട്ടി എടുക്കാനിറങ്ങിയതും സ്‌കോര്‍ ചെയ്യാനായില്ലെങ്കിലും വിനി തന്നെയായിരുന്നു മത്സരത്തിലെ സ്റ്റാര്‍ എന്നും അദ്ദേഹം പറഞ്ഞു.

‘യുവതാരങ്ങള്‍ കളിക്കുന്നത് എനിക്ക് കാണണമായിരുന്നു. അവര്‍ നന്നായി കളിച്ചു എന്ന് തന്നെയാണ് ഞാന്‍ മനസിലാക്കുന്നത്. സാധാരണ ക്രൂസോ മോഡ്രിച്ചോ ആണ് കളത്തിലുണ്ടാകുന്നത്. ഇന്ന് വിനീഷ്യസോ റോഡ്രിഗോയോ ചെയ്യണമായിരുന്നു. വിനീഷ്യസിന് മത്സരത്തില്‍ സ്‌കോര്‍ ചെയ്യാനായില്ലെങ്കിലും അവന്‍ തന്നെയായിരുന്നു മാച്ചില്‍ സ്റ്റാറായിരുന്നത്. ബെന്‍സെമ ഇല്ലാത്തപ്പോള്‍ മോഡ്രിച്ചായിരുന്നു പെനാല്‍ട്ടി എടുക്കാറുണ്ടായിരുന്നത്. ഇന്ന് അദ്ദേഹം കളത്തില്‍ ഇല്ലായിരുന്നു,’ ആന്‍സലോട്ടി പറഞ്ഞു.

ബാഴ്സലോണക്കായി ഉസ്മാന്‍ ഡെംബെലെ, ഫെര്‍മിന്‍ ലോപ്പസ് മാര്‍ട്ടിന്‍, ഫെറാന്‍ ടോറസ് എന്നീ താരങ്ങളാണ് ഗോള്‍ നേടിയത്. ഗോള്‍ കീപ്പര്‍ ടെഗര്‍ സ്റ്റേഗന്റെ മിന്നല്‍ സേവുകളും ബ്ലൂഗ്രാനയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോസ് ബ്ലാങ്കോസിന്റെ ഗോളെന്നുറപ്പിച്ച നാലോളം ഷോട്ടുകളും അത്ഭുതകരമായി തടഞ്ഞുവെക്കാന്‍ സ്റ്റേഗന് സാധിച്ചു.

മത്സരത്തിന്റെ 15ാം മിനിട്ടിലാണ് ഡെംബലയിലൂടെ ബാഴ്സ ലീഡെടുത്തത്. ഏതാനും മിനിട്ടുകള്‍ക്ക് പിന്നാലെ സമനില പിടിക്കാനുള്ള അവസരം റയലിന് ഒത്തുവന്നെങ്കിലും പാഴാവുകയായിരുന്നു. ടീമിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചെങ്കിലും കിക്കെടുത്ത വിനീഷ്യസ് ജൂനിയറിന് പിഴച്ചു.

മത്സരത്തിന്റെ രണ്ടാം പകുതിയുടെ 85ാം മിനിട്ടിലാണ് ലോപ്പസ് മാര്‍ട്ടിന്റെ ഗോളിലൂടെ ബാഴ്സ ലീഡ് രണ്ടാക്കിയത്. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ഇഞ്ച്വറി ടൈമില്‍ ഫെറാന്‍ ടോറസിന്റെ ഗോള്‍ പിറന്നു. ഇതോടെ മത്സരം 3-0 ആയി.

Content Highlights: Carlo Ancelotti praises Vinicius Jr